കൈവശഭൂമി വിനിയോഗിക്കുന്നതിനുള്ള അനുമതിക്കായി നഗരസഭ പ്രമേയം പാസാക്കി
കാക്കനാട്: വര്‍ഷങ്ങളോളമായി തൃക്കാക്കര നഗരസഭയുടെ സമീപത്തെ ഏഴര ഏക്കറോളം വരുന്ന കൈവശഭൂമി നഗരസഭയുടെ വികസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനുളള അനുമതിക്കായി നഗരസഭ പ്രമേയം പാസ്സാക്കി. ഇതോടെ തൃക്കാക്കര നഗരസഭയും, റവന്യു വകുപ്പും തമ്മില്‍ പോരു മുറുകുന്നതിന് സാധ്യത വര്‍ധിച്ചു. ആധുനിക സംവിധാനങ്ങളുള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, അന്താരാഷ്ട്ര നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാള്‍, ബസ്സ് ടെര്‍മിനല്‍ എന്നിവയടക്കമുളള വിശദമായ പ്രോജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും വികസന പദ്ധതികള്‍ക്കായി റവന്യൂ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് നഗരസഭ അധികൃതര്‍.
എന്നാല്‍ ജില്ലാ പഞ്ചായത്തിനും സഹകരണ ആശുപത്രിക്കും ഭൂമി വിട്ടുകൊടുക്കാന്‍ തടസ്സമുന്നയിക്കില്ല എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ഇന്നലെ മൂന്നു മണിക്ക് കൂടിയ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പക്ഷവും. പ്രതിപക്ഷവും കൈവശ സ്ഥലത്തിനു വേണ്ടി പ്രമേയം പാസ്സാക്കിയപ്പോള്‍ വിമത കൗണ്‍സിലര്‍ എം.എം നാസര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത് ശ്രദ്ദേയമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിക്കായി 30 സെന്റ് സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറേറ്റില്‍ നിന്നും, പട്ടിക സ്ഥലത്തു നിന്നും 60 സെന്റ് ഭൂമി തൃക്കാക്കര നഗരസഭയുടെ സഹകരണ ആശുപത്രി വികസനത്തിന് നല്‍കാന്‍ സര്‍ക്കാരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ കയ്യേറ്റം തടഞ്ഞതെന്നും, നഗരസഭയുടേതെന്ന് തെളിയിക്കാന്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് തന്നെയാണെന്നും വില്ലേജ് ഓഫീസര്‍ ഉദയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."