ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച പ്രതികള്‍ കുടുങ്ങിയത് പൊലിസിന്റെ ആസൂത്രിത നീക്കത്തില്‍
തൊടുപുഴ: രണ്ടുമാസമായി തുടരുന്ന മോഷണ പരമ്പരയില്‍ പ്രതികളെയൊന്നും പിടികൂടാനാകാതെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന തൊടുപുഴ പൊലിസിന് ഇനി തല ഉയര്‍ത്തി നില്‍ക്കാം. നഗരമധ്യത്തില്‍ വ്യാപാര പ്രമുഖനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തതോടെയാണു പൊലിസ് മുഖം മിനുക്കിയത്.
ഒഡീഷയിലെ റായ്ഗഡ് ജില്ലയിലുള്ള ചന്ദ്രപൂര്‍ പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഹനുമന്ത്പൂര്‍ സ്വദേശി രാജ്കുമാര്‍ പത്ര (19)യും ബന്ധുവായ പതിനേഴുകാരനുമാണു പിടിയിലായത്. പ്രകാശ് വ്യാപാര ഗ്രൂപ്പ് ഉടമ അമ്പലം റോഡില്‍ കൃഷ്ണ വിലാസം ബാലചന്ദ്രന്റെ വീട്ടിലാണു കഴിഞ്ഞ 13 ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ബാലചന്ദ്രനെയും ഭാര്യ ശ്രീജയേയും ആക്രമിച്ച് കൈകാലുകള്‍ വരിഞ്ഞു മുറുക്കി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷമായിരുന്നു കവര്‍ച്ച.
എസ്.ബി.ടിയിലെ മോഷണ ശ്രമം അടക്കം കഴിഞ്ഞനാളുകളില്‍ തസ്‌കരശല്യം മൂലം ഏറെ വിമര്‍ശനങ്ങളാണ് തൊടുപുഴയില്‍ പൊലിസ് സേനയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. കവര്‍ച്ചാകേസിലെ പ്രതികള്‍ രക്ഷപെട്ടത് പൊലിസിന് കണ്‍മുന്നിലൂടെയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് പൊലിസ് ഒഡീഷയിലേക്ക് തിരിച്ചത്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാനവാസ്, എ.എച്ച് ഉബൈസ് എന്നിവരാണ് പോയത്. ഒഡീഷ പൊലിസുമായി സഹകരിച്ചായിരുന്നു അന്വേഷണം. ആലപ്പുഴ സ്വദേശിനിയായ ഒറീസാ ഡി.ഐ.ജി ഷൈനിയുടെ സഹായം അന്വേഷണ സംഘത്തിന് ഏറെ സഹായകമായി. മുനിഗുഡ ഉള്‍പ്പെടെയുള്ള പൊലിസ് സ്റ്റേഷനുകള്‍ അവിടത്തെ കോബ്ര പൊലിസിന്റെ സുരക്ഷയിയാണു പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് കേന്ദ്രമായ കൊടുംകാടിനുള്ളിലൂടെ 42 കിലോമീറ്റര്‍ സഞ്ചരിച്ചാണു പ്രതികളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചത്. ഷാനവാസും ഉബൈസും മോട്ടോര്‍ ബൈക്കിലും എസ്.ഐ ജോബിന്‍ ആന്റണി ജീപ്പിലുമാണ് യാത്ര ചെയ്തത്. യാത്ര ഏറെ സാഹസികമായിരുന്നുവെന്ന് സംഘാംഗം എ.എച്ച് ഉബൈസ് സുപ്രഭാതത്തോട് പറഞ്ഞു. ഇടുക്കി എസ്.പി എ.വി ജോര്‍ജ് ഒഡീഷയുമായി ബന്ധപ്പെട്ട് നിരന്തരം അന്വേഷണപുരോഗതി വിലയിരുത്തിക്കൊണ്ടിരുന്നു.
പ്രധാനമായും പ്രതികളുടെ കൈവശമുള്ള മൊബൈല്‍ ഫോണായിരുന്നു അന്വേഷണസംഘത്തിന്റെ പിടിവള്ളി. ബാലചന്ദ്രന്‍ ഉപയോഗിച്ചിരുന്ന സാംസങ് മൊബൈല്‍ ഫോണിലെ സിംകാര്‍ഡ് ഉപേക്ഷിച്ച കവര്‍ച്ചാസംഘം അതില്‍ മറ്റൊരു സിം ഉപയോഗിക്കുന്നുണ്ടായിരുന്നു. ബാലചന്ദ്രന്‍ അന്വേഷണസംഘത്തിന് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ കൈമാറിയിരുന്നു. അന്വേഷണസംഘം ഇതിന്റെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു. പ്രതികള്‍ ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കടന്നുവെന്ന് തോന്നിയപ്പോഴാണ് അന്വേഷണസംഘവും മടങ്ങിയത്.
ഇന്നലെ രാവിലെ പ്രതികളെ ബാലചന്ദ്രനെയും ഭാര്യയെയും കാണിച്ചു. ഇവര്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഗിവ് ക്യാഷ്. യുവര്‍ ഫാമിലി വില്‍ ബി ഒ.കെ എന്ന് കവര്‍ച്ചാ സമയത്ത് പറഞ്ഞത് 17കാരനെ കൊണ്ട് പൊലിസ് വീണ്ടും പറയിച്ചപ്പോഴാണ് ദമ്പതികള്‍ ആളെ തിരിച്ചറിഞ്ഞത്.
എസ്.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരാായ ഷാനവാസ്, എ.എച്ച് ഉബൈസ്, ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ കീഴിലുളള ഷാഡോ സ്‌ക്വാഡിലെ എസ്.ഐ ടി.ആര്‍ രാജന്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ മാരായ ഉണ്ണികൃഷ്ണന്‍, അരുണ്‍, സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ കണ്ട് ശ്രീജയ്ക്ക് ബോധക്ഷയമുണ്ടായി
തൊടുപുഴ: തന്നെ വലിച്ചിഴച്ച് കെട്ടിയിട്ട് ആക്രമിച്ചയാളെ കണ്ട് ബാലചന്ദ്രന്റെ ഭാര്യ ശ്രീജയ്ക്ക് ബോധക്ഷയമുണ്ടായി.
ഇന്നലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച രാജ്കുമാര്‍ പത്രയേയും 17 കാരനേയും കണ്ടപ്പോഴാണ് ശ്രീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ചികിത്സ തേടി. പിന്നീട് ബാലചന്ദ്രനാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ബാലചന്ദ്രന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ പ്രതികള്‍ രണ്ടു തവണ ആസൂത്രണം നടത്തിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വീടിന് എതിര്‍വശത്തെ തറയോട് നിര്‍മ്മാണകേന്ദ്രത്തില്‍ ഇരുന്നാല്‍ വീട്ടിലേക്ക് വരുന്നവരെ വ്യക്തമായി കാണാനാവും.
പെട്രോള്‍ പമ്പില്‍ നിന്ന് ജീവനക്കാര്‍ ബൈക്കില്‍ കടലാസില്‍ പൊതിഞ്ഞാണ് പണം കൊണ്ടുവന്നിരുന്നത്. ഇത് പ്രതികള്‍ കാണാറുണ്ടായിരുന്നു. തറയോട് നിര്‍മ്മാണയൂണിറ്റിലെ തൊഴിലാളികളായിരുന്നു ചിങ്കുവും രമേശും. ഇവിടത്തെ ഒരു ജീവനക്കാരിയുടെ മാല മോഷ്ടിച്ചതിനെ തുടര്‍ന്ന് സ്ഥാപന ഉടമ ചിങ്കുവിനെ പുറത്താക്കുകയായിരുന്നു.
മാല മോഷണവിവരം പൊലിസില്‍ ഉടമ രാമചന്ദ്രന്‍ അറിയിച്ചതുമില്ല. ഇതിനു ശേഷം പെരുമ്പാവൂരെത്തിയ ചിങ്കുവും രമേശും അവിടെ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ തറയോടു നിര്‍മ്മാണകേന്ദ്രത്തില്‍ ഇവര്‍ മടങ്ങിയെത്തി.
ഇവിടെ രണ്ടു ദിവസം താമസിച്ച് ബാലചന്ദ്രന്റെ വീട് നിരീക്ഷിച്ച് കവര്‍ച്ച ആസൂതണം ചെയ്തു. കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട ആദ്യദിവസം പമ്പില്‍ നിന്ന് പണം എത്തിയില്ല. അടുത്ത ദിവസം ബൈക്കില്‍ പണപ്പൊതി വീട്ടിലെത്തിയത് കണ്ടാണ് പദ്ധതി നടപ്പാക്കിയത്.
പൊലിസിന് പൊന്‍തൂവല്‍;
അന്വേഷണസംഘത്തിന്
പാരിതോഷികം
തൊടുപുഴ: നഗരമധ്യത്തില്‍ വ്യാപാര പ്രമുഖനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസ് അന്വേഷിച്ച് പ്രതികളെ പീടികൂടിയത് പൊലിസിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. കേസ് അന്വേഷിച്ച പൊലിസ് സംഘത്തിനു ഗുഡ് സര്‍വീസ് എന്‍ട്രിയും 500 രൂപ വീതം പാരിതോഷികവും നല്‍കുമെന്നു ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞു. അന്വേഷണസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാനവാസ്, എ.എച്ച് ഉബൈസ്, തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍, ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദ്, ഇദ്ദേഹത്തിന്റെ കീഴിലുളള ഷാഡോ സ്‌ക്വാഡിലെ എസ്.ഐ ടി.ആര്‍ രാജന്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ മാരായ ഉണ്ണികൃഷ്ണന്‍, ഷാനവാസ്, അരുണ്‍, നൂര്‍സമീര്‍, സുനില്‍ എന്നിവര്‍ക്കാണു ഗുഡ് സര്‍വീസ് എന്‍ട്രിയും പാരിതോഷികവും ലഭിക്കുക.
കേസ് അന്വേഷണത്തിന് ഒഡീഷയില്‍ പോയ തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ ജോബിന്‍ ആന്റണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാനവാസ്, എ.എച്ച് ഉബൈസ് എന്നിവര്‍ക്കു സംസ്ഥാന തലത്തിലുള്ള ഗുഡ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്യും.
കവര്‍ച്ച പണത്തില്‍ ഭൂരിഭാഗവും
പിടിയിലാകാനുള്ളവരുടെ പക്കല്‍
തൊടുപുഴ: കവര്‍ച്ച പണത്തില്‍ ഭൂരിഭാഗവും പിടിയിലാകാനുള്ള രമേശും ചിങ്കുവും തട്ടിയെടുത്തെന്ന് പിടിയിലായവര്‍. ഇപ്പോള്‍ പിടിയിലായവര്‍ക്ക് 25,000 രൂപ വീതം നല്‍കി. എണ്ണായിരം രൂപയും ബാലചന്ദ്രന്റെ മൊബൈല്‍ഫോണുമാണ് പിടിയിലായവരുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തത്.
ബാക്കി പണം ചെലവഴിച്ചെന്നാണ് പ്രതികള്‍ പറഞ്ഞത്. മറ്റൊരു മൊബൈല്‍ഫോണും ഐ പാഡും ബാലചന്ദ്രന്റെ കഴുത്തിലെ മൂന്നര പവന്റെ സ്വര്‍ണ്ണമാലയും ഭാര്യ ശ്രീജയുടെ ഒരു പവന്‍ വീതമുള്ള രണ്ട് സ്വര്‍ണ്ണവളകളും സംഘം കവര്‍ന്നിരുന്നു.
ഇത് പിടിയിലാകാനുള്ള പ്രതികളുടെ കൈവശമായിരിക്കാമെന്ന് പൊലിസ് നിഗമനം.
പ്രതികളുടെ മാവോയിസ്റ്റ് ബന്ധം
പരിശോധിക്കും
തൊടുപുഴ: കവര്‍ച്ചാസംഘത്തിനു മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന കാര്യവും പൊലിസ് പരിശോധിക്കുമെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
പ്രതികളുടെ സ്വദേശമായ ഒഡീഷയിലെ റായ്ഗഡ് ജില്ല മാവോയിസ്റ്റ് നിയന്ത്രണ മേഖലയാണ്. ഇവിടുത്തെ പൊലിസ് സ്റ്റേഷന്‍ പോലും പ്രവര്‍ത്തിക്കുന്നതു കോബ്ര പൊലിസിന്റെ സുരക്ഷയിലാണ്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ശേഷം ഒഡീഷയില്‍ നിന്നു കേരളത്തിലെത്തിവരെക്കുറിച്ചും പൊലിസ് പരിശോധിക്കും.
ഒഡീഷയില്‍ പൊയ പൊലിസ് സംഘത്തിന് ഇതുസംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപ്പേര്‍ കേരളത്തിലേക്കു കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കര്‍ശനമായി നിരീക്ഷിക്കാനാണു പൊലിസ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."