ഓഫിസുകള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി വന്‍മരങ്ങള്‍
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനത്തിനും ഭീഷിണിയായി സ്ഥിതി ചെയ്യുന്നത് നിരവധി വന്മരങ്ങള്‍. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി നീക്കണമെന്നു പലതവണ ആവശ്യപെട്ടിട്ടുള്ളവയാണ് ഇവയെല്ലാം. കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസ് പരിസരത്ത് നിന്നിരുന്ന കൂറ്റന്‍ വാകമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണതോടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി നീക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
മരം വീണത് ഞായറാഴ്ച്ചയായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. മറ്റൊരു ദിവസമാണ് മരം വീണിരുന്നെങ്കില്‍ ആളാപായം ഉള്‍പെടെ വലിയ ദുരന്തം തന്നെ കടുത്തുരുത്തിക്ക് കാണേണ്ടി വരുമായിരുന്നു. അപകടമുണ്ടായ ശേഷം നടപടിയെന്ന പതിവ് രീതി മാറി അപകടത്തിനു മുമ്പേ നടപടിയുണ്ടായില്ലെങ്കില്‍ വലിയ വിപത്താണു കടുത്തുരുത്തിയെ കാത്തിരിക്കുന്നത്. പൊലിസ് സ്റ്റേഷന്‍, കൃഷിഭവന്‍, സബ് ട്രഷറി ഓഫിസ് എന്നിവയുടെ പരിസരത്ത് നില്‍ക്കുന്ന വന്മരം ഏതുസമയത്തും കട പുഴകി വീണേക്കാവുന്ന സ്ഥിതിയിലാണ്. ഈ മരം മറിയുകയോ, ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുകയോ ചെയ്താല്‍ വന്‍ദുരന്തം തന്നെ സംഭവിക്കും. മൂന്നു സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മുകളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അവസ്ഥയിലാണു തണല്‍മരത്തിന്റെ നില്‍പ്. വന്മരത്തിന്റെ ഇലകളും കമ്പുമെല്ലാം വീണു സര്‍ക്കാര്‍ ഓഫിസുകളുടെ വാര്‍ക്കയില്‍ അടിഞ്ഞു കൂടി വെള്ളം കെട്ടികിടക്കുന്നു കെട്ടിടങ്ങളുടെ ചോര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്.
പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിലിട്ടിരിക്കുന്ന ഷീറ്റിന് മുകളില്‍ മരകമ്പുകള്‍ വീണു സ്റ്റേഷന്‍ ചോര്‍ന്നൊലിക്കുകയാണ്. കൃഷിഭവന്റെ വാര്‍ക്കയുടെയും ഷീറ്റിന്റെയും മുകളിലുമായി മാലിന്യം അടിഞ്ഞുകൂടിയ ഭാഗത്ത് പുല്ലുകളും മറ്റും കിളിര്‍ത്തു നില്‍ക്കുകയാണ്. മരത്തിന്റെ വേരുകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ അടിയിലേക്കാണു പടര്‍ന്നു വ്യാപിച്ചിരിക്കുന്നത്. ഇതു കെട്ടിടങ്ങളുടെ ബലക്ഷയത്തിനും കാരണമായേക്കും. പലതവണ മരത്തിന്റെ ഉണക്ക കമ്പുകള്‍ ഒടിഞ്ഞു വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലിസ് സ്റ്റേഷന് പുറകില്‍ സൂക്ഷിച്ചിരിക്കുന്ന കേസില്‍പെട്ടിരിക്കുന്ന ബൈക്കുകള്‍ക്ക് മുകളിലേക്കു മരകമ്പ് വീണു ബൈക്കു തകര്‍ന്നിരുന്നു. ഭീഷിണിയായി നില്‍ക്കുന്ന തണല്‍മരം വെട്ടി നീക്കാന്‍ പലതവണ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നെങ്കിലും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും തയാറായിരുന്നില്ല.
മരത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്ന തുകയുടെ വലിപ്പമാണു മരം ലേലത്തിലെടുക്കാന്‍ ആളുകള്‍ തയാറാവാത്തതിനു കാരണം. ഈ തുകയ്ക്കു മരം വാങ്ങിയാല്‍ വെട്ടുകൂലിയും കഴിഞ്ഞാല്‍ കച്ചവടം നഷ്ടമാകൂമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. മരം വെട്ടിയെടുക്കുന്നതിലുണ്ടാകുന്ന ഭീമമായ ചിലവും മറ്റും ലേലം പിടിക്കുന്നതില്‍ നിന്നും കച്ചവടക്കാരെ അകറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."