ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നു മുതല്‍
തിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണം ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇതിനായി വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ജില്ല കലക്ടര്‍ എസ്.വെങ്കിടേസപതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്കി. 11 ബ്ലോക്കുകളിലായി പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ പ്രാരംഭഘട്ടം തിരുവനന്തപുരം, പാറശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, ഇലകമണ്‍ എന്നീ ആറു ബ്ലോക്കുകളില്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. ഇവിടങ്ങളില്‍ നായകള്‍ക്കുള്ള ശസ്ത്രക്രിയാ സംവിധാനങ്ങള്‍, കൂടുകള്‍ എന്നിവ സജ്ജമാണ്.നായകള്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങളും കെയര്‍ടേക്കറെയും ഒക്ടോബര്‍ ഒന്നാം തീയതിയോടെ സജ്ജമാക്കും. ആവശ്യമുള്ള ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. നായകളെ പിടികൂടി എത്തിക്കുന്നതിനും ശസ്ത്രക്രിയയ്ക്ക് ശേഷം അവയെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ തിരികെ എത്തിക്കുന്നതിനും കൂടുകള്‍ മുതലായ സൗകര്യമുള്ള വാഹനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കും.വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും.ഡോക്ടര്‍മാരുടെ ക്ഷാമമുള്ളയിടങ്ങളില്‍ വിരമിച്ച വിദഗ്ധ മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.
മൂന്നാം തീയതി പദ്ധതികള്‍ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ തിരുവനന്തപുരത്ത് പിഎംജിയിലുള്ള ജില്ലാ വെറ്ററിനറി സെന്ററില്‍ ജില്ലാ കലക്ടറും നെടുമങ്ങാട് പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ഇലകമണില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് വി.രഞ്ജിത് , ആറ്റിങ്ങലില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയംഗം അഡ്വ.എസ്.എം. റാസി, നെയ്യാറ്റിന്‍കരയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍നായര്‍,പാറശാലയില്‍ ജില്ലാ വെറ്ററിനറി ഓഫിസര്‍ എന്നിവരും സന്ദര്‍ശിക്കും. പദ്ധതി ഏകോപനത്തിനായിആറു ബ്ലോക്കുകളിലേക്ക് അഞ്ച് ഡപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ചു.
പ്രവര്‍ത്തനസജ്ജമായ സ്ഥലങ്ങളിലും മറ്റു ആറുകേന്ദ്രങ്ങളിലും ആവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കും.അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള കര്‍മ്മ പദ്ധതിയ്ക്കും യോഗം രൂപം നല്കി. പദ്ധതി നടത്തിപ്പ് സംബന്ധിച്ച പൊതുയോഗം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കിടേസപതി വ്യക്തമാക്കി.തുടര്‍ന്ന് 12 മണിക്ക് വിപുലമായ ആക്ഷന്‍ പ്ലാന്‍ യോഗം ചേരും.ഇതില്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തും. നായപിടുത്തക്കാരെ തെരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് ബ്ലോക്ക് തലത്തില്‍ പരിശീലനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍നായര്‍, എ.ഡി.എം ജോണ്‍ വി.സാമുവല്‍, ഡപ്യുട്ടി കലക്ടര്‍മാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പല്‍നിംഗ് ഓഫീസര്‍ വി.എസ്.ബിജു, വെറ്ററിനറി വകുപ്പു ഉദ്യോഗസ്ഥര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."