ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തനം ഊര്‍ജിതമാക്കണം: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: എല്ലാവര്ക്കും ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
ഒക്ടോബര്‍ 15 നകം ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 31 നകവും ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ട്രേറ്റില്‍ ഒ. ഡി .എഫ് ശുചിമുറി നിര്‍മാണം സംബന്ധിച്ച മൂന്നാം ഘട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 68 ശതമാനം ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ 25 ഗ്രാമ പഞ്ചായത്തുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഒ .ഡി .എഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനകം പതിനഞ്ചോളം ഗ്രാമപഞ്ചായത്തുകള്‍ ഒ .ഡി .എഫ് ആയി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്്. ശുചിമുറി നിര്‍മാണത്തില്‍ പിന്നോക്കം നില്ക്കുളള ഗ്രാമ പഞ്ചായത്തുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. അഞ്ചല്‍, പത്തനാപുരം, ചടയമംഗലം, വെട്ടിക്കവല, ശാസ്താംകോട്ട ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം.
ജില്ലാ കലക്ടര്‍ ടി .മിത്ര, അസി കലക്ടര്‍ ആശാ അജിത്, പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണര്‍ ജി .കൃഷ്ണകുമാര്‍, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നഗരകാര്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."