നിര്‍മാണത്തിലെ അപാകത; മലക്കാട് ചെക്ക് ഡാം തകര്‍ച്ചയിലേക്ക്
മീനങ്ങാടി: കാര്‍ഷിക മേഖലയ്ക്ക് ഏറെ ഉപകാരപ്പെടുന്ന മലക്കാട് ചെക്ക് ഡാം നിര്‍മാണത്തിലെ അപാകത കാരണം പണിപൂര്‍ത്തിയാകുന്നതിന് മുമ്പേ തകര്‍ച്ചയിലേക്ക്. മലയോര വികസന കമ്മിഷന് അടങ്കല്‍ തുകയായി 82 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. എന്നാല്‍, പ്രവൃത്തി പൂര്‍ത്തിയാവുന്നതിന് മുമ്പേ ഡാമിന്റെ പല സ്ഥലത്തും ചോര്‍ച്ച തുടങ്ങിയിരിക്കുകയാണ്. കുട്ടരായിന് പാലം, മലക്കാട് പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടത്തിലേക്ക് ജല സൗകര്യമൊരുക്കുന്നതിനായാണ് ചെക്ക് ഡാം നിര്‍മാണം തുടങ്ങിയത്. എന്നാല്‍ ചെക്ക് ഡാമിനടിയിലൂടെയും കോണ്‍ക്രീറ്റ് ഭിത്തിക്കിടയിലൂടെയും ചോര്‍ച്ച രൂപപ്പെട്ടതോടെ കനാലിന്റെ സുരക്ഷയെ സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
കാരാപ്പുഴയില്‍ നിന്നും തുറന്നുവിടുന്ന വെള്ളമാണ് പുഴക്ക് കുറുകെ ചെക്ക് ഡാം പണിത് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. ശക്തമായ മഴയില്‍ ഈ പുഴ നിറഞ്ഞ് കവിയുകയും പുഴയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയുമാണ് ചെയ്യാറ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ചെക്ക്ഡാമിന്റെ സുരക്ഷയില്ലായ്മ ഡാമിന് താഴ്ഭാഗത്തുള്ള പുഴയോരത്ത് താമസിക്കുന്ന പിലാക്കുറ, മുട്ടിലാടി, കോളനിയുള്‍പ്പടെ മൂന്നോളം കോളനിക്കാര്‍ക്ക് ഭീഷണിയാണെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ഡാമിലെ മണ്ണ് നീക്കം ചെയ്യാതെ പുഴയുടെ സംരക്ഷണ ഭിത്തിയുടെ പണി പൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ആരോപണം ഉയരുന്നു. ഡാമിന് മുകളിലൂടെയുള്ള നടപ്പാതയുടെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഡാമിന്റെ സുരക്ഷ ഉറപ്പാക്കി ജനോപകാരമാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."