നികുതി വെട്ടിച്ച് ജില്ലയിലേക്ക് കോഴിക്കുഞ്ഞുങ്ങളുടെ കടത്ത് വര്‍ധിക്കുന്നു
മാനന്തവാടി: കര്‍ണാടകയില്‍ നിന്നും മാക്കൂട്ടം ഇരിട്ടി വഴി ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ച് ജില്ലയിലേക്ക് കോഴിക്കുഞ്ഞുങ്ങളുടെ കടത്ത് വ്യാപകമാകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോഴി കര്‍ഷകരുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ കോഴിഫാമുകളിലേക്കാണ് വിവധ വാണിജ്യ ചെക്ക്‌പോസ്റ്റുകള്‍ വെട്ടിച്ച് കര്‍ണാടകയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളത്തെുന്നത്. ജില്ലയില്‍ പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടക മുത്തങ്ങ വഴിയും താളൂര്‍ വഴിയുമാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നത്. ഒരു കോഴിക്കുഞ്ഞിന് നാല് രൂപാ അമ്പത് പൈസ പ്രകാരം വാണിജ്യ നികുതി അടച്ച ശേഷമാണ് കോഴികളെ കടത്തി വിടുന്നത്. ഇത് അടക്കാതെ ജില്ലയിലേക്ക് കോഴികളെ എത്തിക്കാനാണ് ഇരിട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോബി പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പല്ലടം, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന കോഴിക്കുഞ്ഞുകള്‍ സത്യമംഗലം ചുരം കയറി ഗുണ്ടല്‍പേട്ട, സാംറാജ്‌നഗര്‍, മാക്കൂട്ടം വഴിയാണ് ഇരിട്ടിയിലെത്തിക്കുന്നത്.
സ്വകാര്യ വാഹനങ്ങിലെത്തിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ മാക്കൂട്ടത്ത്‌വച്ച് അതിര്‍ത്തിക്ക് മുമ്പെ തോണിയില്‍ കയറ്റി ഇരിട്ടി ടൗണിലുള്ള ചെറുപുഴ ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് കാക്കയങ്ങാടിന് സമീപത്ത് എത്തിച്ചുനല്‍കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. പുഴയോരത്ത് നിന്നും സ്വകാര്യ ആഡംബര കാറുകളില്‍ കയറ്റിയാണ് പിന്നീട് വയനാട്ടിലേക്കുള്ള യാത്ര.
നിടുംപൊയിലിലുള്ള ചെക്ക്‌പോസ്റ്റ് മറികടക്കാനായി കാക്കയങ്ങാട് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് മണത്തന വഴി നിടുമ്പോയില്‍ ചുരത്തിന്റെ പകുതിയിലെത്തുന്ന റോഡിലൂടെയാണ് ചുരത്തിലെത്തുന്നത്. ഇവിടെ നിന്നും മാനന്തവാടിയിലേക്കുള്ള വഴിയില്‍ പിന്നീട് ബോയ്‌സ് ടൗണിലാണ് വാണിജ്യനികുതി ചെക്ക്‌പോസ്റ്റുള്ളത്. ഇത് വെട്ടിക്കാനായി പേര്യ എത്തുന്നതിന് മുമ്പായി വലത്തോട്ടുള്ള റോഡ് വഴി വാളാട് തവിഞ്ഞാല്‍ ഭാഗങ്ങല്‍ലെത്തുകയാണ് പതിവ്. അതോടെ വയനാട്ടിലെ എല്ലായിടത്തും എത്തി കുഞ്ഞുങ്ങളളെ വിതരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.
ടാറ്റാ സുമോ, ബൊളേറോ തുടങ്ങിയ വാഹനങ്ങളായതിനാല്‍ ചെക്ക്‌പോസ്റ്റുകളില്‍ മാത്രമെ പരിശോധിക്കപ്പെടുകയുള്ളു. 7,000 മുതല്‍ 10,000 കുഞ്ഞുങ്ങള്‍ വരെ ഇത്തരം വാഹനങ്ങളില്‍ കൊണ്ടുവരാന്‍ കഴിയും.40 ഗ്രാം മാത്രം തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങള്‍ 80.100 എണ്ണംവീതമുള്ള ഫൈബറിന്റെയും കാര്‍ഡ്‌ബോര്‍ഡിന്റെയും പെട്ടികളിലാണ് കൊണ്ടുവരുന്നത്.
രാത്രി മാത്രം നടത്തുന്ന കോഴിക്കടത്തിലൂടെ ഒരു വാഹനം 30,000 രൂപ മുതല്‍ 45,000രൂപ വരെയാണ് സര്‍ക്കാരിനെ വെട്ടിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ദിനംപ്രതി സര്‍ക്കാരിന് നഷ്ടം സംഭവിക്കുന്നത്. ജില്ലയില്‍ ചെറുതും വലുതുമായി ആയിരത്തിലധികം കോഴിഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ നാല്‍പത് ദിവസത്തിലും പുതിയ കോഴിക്കുഞ്ഞുങ്ങളാണ് ഇവിടങ്ങളിലേക്കെത്തേണ്ടത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും പല വിലയാണെന്നതിനാല്‍ നികുതി വെട്ടിപ്പിന്റെയും വിലയിടിവിന്റെയും യാതൊരു ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. നിലവില്‍ ജില്ലയില്‍ 26 രൂപക്കാണ് കുഞ്ഞുങ്ങളെ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."