സന്ധ്യയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു
പുല്‍പ്പള്ളി: രണ്ടര വയസുള്ള ഇരട്ട പെണ്‍കുട്ടികളുമായി പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടുള്ള ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിച്ചിരുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ കാര്യമ്പാതിക്കുന്നിലെ തോട്ടുങ്കല്‍ സന്ധ്യയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. ഇവരുടെ ദുരിതം സംബന്ധിച്ച് 'സുപ്രാതം' വാര്‍ത്ത നല്‍കിയിരുന്നു. ചെമ്മണ്ണൂര്‍ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂരാണ് സന്ധ്യക്ക് വീട് നിര്‍മിച്ചു നല്കാന് തയാറായത്. സന്ധ്യയുടെ പേരില്‍ കാര്യമ്പാതിക്കുന്നിലുള്ള നാലര സെന്റ് സ്ഥലത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. വീടിന്റെ പ്രവൃത്തികളുടെ ആരംഭം കുറിച്ചുകൊണ്ട് ഇന്നലെ രാവിലെ പത്തരക്ക് കുറ്റിയടിക്കല്‍ കര്‍മം നടന്നു.
ജനറല്‍ വിഭാഗത്തില്‍പ്പെട്ടതാണെന്ന കാരണത്താല്‍ സര്‍ക്കാരില്‍ നിന്ന് വീട് അനുവദിക്കുകയില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതൊടെയാണ് പ്രദേശത്തെ ചില പൊതുപ്രവര്‍ത്തകര്‍ ഇവരുടെ ശോചനീയാവസ്ഥ മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ സന്ധ്യ താമസിച്ചിരുന്ന കുടില്‍ പൊളിച്ചുമാറ്റി തല്സ്ഥാനത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. ഇവരുടെ സമീപത്ത് താമസിക്കുന്ന കെ.ഡി ഷാജിദാസ് തന്റെ ആള്‍താമസമില്ലാത്ത വീട് ഇവര്‍ക്ക് പുതിയ വീടിന്റെ നിര്‍മാണം കഴിയുന്നത് വരെ താമസിക്കാന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.
മൂന്ന് മാസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരാറുകാരന് പറഞ്ഞു. വീട് നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ ഇറക്കാനും മറ്റുസഹായങ്ങള്ക്കും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."