ജില്ലാ ആസൂത്രണ സമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു
കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും തയാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്കു മുഴുവനുമായി ഒരു കരട് വികസന പദ്ധതി തയാറാക്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാ ആസൂത്രണ സമിതിയിലേക്കു ജില്ലാ പഞ്ചായത്തില്‍ നിന്നുളള 11 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
11 സീറ്റിലേക്കായി 11 പേര് മാത്രം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വനിതാ സംവരണ സീറ്റിലേക്ക് പുഷ്പ അമേക്കള, പട്ടികജാതി പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗത്തിലേക്കു എം നാരായണന്, വനിതാ സംവരണ സീറ്റിലേക്ക് പി.വി പത്മജ, പി.സി സുബൈദ, ഫരീദ സക്കീര്‍ അഹമ്മദ്, ഇ പത്മാവതി, ജനറല്‍ സീറ്റുകളിലേക്ക് ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, മുംതാസ് സമീറ, ജോസ് പതാലില്‍, ഡോ.വി.പി.പി മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തതായി കലക്ടര്‍ അറിയിച്ചു. വോട്ടര്‍മാരെ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണു തെരഞ്ഞെടുപ്പു ഹാളിലേക്കു പ്രവേശിപ്പിച്ചത്.
ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്മോഹന്‍, ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ ദേവയാനി എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. ഇന്നു രാവിലെ 11 നു നഗരസഭ കൗണ്‍സലര്‍മാരില്‍ നിന്ന് ഒരു വനിത അംഗത്തെ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കും.
മൂന്നു നഗരസഭകളില്‍ നിന്നായി 113 കൗണ്സലര്മാര്ക്കാണു വോട്ടവകാശം ഉള്ളത്. ഇതോടെ ജില്ലാ ആസൂത്രണ സമിതിയിലേക്കുളള 12 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജില്ലാ ആസൂത്രണ കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."