സമരനായകന് വിട സംസ്ഥാന സര്‍ക്കാറിനു വേണ്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അന്തിമോപചാരമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരസേനാനി കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ മാധവനു നാടിന്റെ വിട. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തിലെ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയായ മാധവന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കാഞ്ഞങ്ങാട് നഗരസഭാ ഹാളില്‍ രാവിലെ 11ഓടെ എത്തിച്ച ഭൗതിക ശരീരം ഒരുനോക്ക് കാണാന്‍ രാവിലെ തന്നെ ആളുകള്‍ ഒഴുകിയെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാറിനു വേണ്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അന്തിമോപചാരമര്‍പ്പിച്ചു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ആധുനിക കാലഘട്ടവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയ വിലപ്പെട്ട കണ്ണിയാണ് കെ മാധവനെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി കലക്ടര്‍ കെ ജീവന്‍ ബാബു റീത്ത് സമര്‍പ്പിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന മന്ത്രിമാര്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തുടങ്ങിയവര്‍ മാധവന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും വി.എം സുധീരനു വേണ്ടി എം.സി ജോസ്, രമേശ് ചെന്നിത്തലക്ക് വേണ്ടി ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരനു വേണ്ടി വിനോദ് കുമാര്‍ പള്ളയില്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു.
നഗരസഭാ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മാധവന്റെ മൃതദേഹത്തില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ മൃണ്മയി ജോഷി, സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി.എന്‍ ചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എന്നിവരും റീത്ത് സമര്‍പ്പിച്ചു.കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍മാരായ വി.വി രമേശന്‍, പ്രൊഫ. കെ.പി ജയരാജന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, സിന്‍ഡിക്കേറ്റംഗം ഡോ.പി.പി മുസ്തഫ, മുന്‍ എം.എല്‍.എ പി രാഘവന്‍, കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ ഡി.വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറത്തിനു വേണ്ടി ഭാരവാഹികളായ ടി.കെ കൃഷ്ണന്‍, ഗംഗാധരന്‍, ബി.ജെ.പി നേതാക്കളായ കെ ശ്രീകാന്ത്, മടിക്കൈ കമ്മാരന്‍, പി.പി കരുണാകരന്‍ മാസ്റ്റര്‍, സ്വാതന്ത്ര്യ സമരസേനാനികളായ കെ.ആര്‍ കണ്ണന്‍, ശേഖരന്‍ രാവണീശ്വരം എന്നിവരും നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധികാരികളും റീത്ത് സമര്‍പ്പിച്ചു.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, കെ മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സി.ബാലന്‍, എഡി.എം, കെ അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍, ജില്ലാ പൊലിസ് മേധാവിക്ക് വേണ്ടി ഡി.വൈ.എസ്പി പി ദാമോദരനും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.ബി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം.കുമാരന്‍, കെ.വി കുഞ്ഞിരാമന്‍, പി.രാഘവന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ പി.പി ശ്യമാളാദേവി, ഇ പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, പി രാജന്‍, ഓമനല രാമചന്ദ്രന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എ.കെ നാരായണന്‍, പി രാമകൃഷ്ണന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പി മുഹമ്മദ് കുഞ്ഞി, ഗോവിന്ദന്‍ പളളിക്കാപ്പില്‍, ഹരീഷ് പി നമ്പ്യാര്‍, എ.വി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഉച്ചക്ക് 3.30ഓടെ നഗരസഭാ ഹാളില്‍ നിന്നു വിലാപയാത്രയായി നെല്ലിക്കാട്ടെ വീട്ടിലെത്തിച്ചമൃതദേഹം വൈകുന്നേരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കാട്ടെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
ഇതോടെ ത്യാഗോജ്വലമായ ഒരു ജീവിതത്തിനു പരിസമാപ്തിയായി. മക്കളായ അജയകുമാര്‍ കോടോത്ത്, അഡ്വ. സേതുമാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിതക്ക് തീ കൊളുത്തിയത്.
അനുശോചന യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.സി. ബാലന്‍, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.സി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."