സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രചാരണ ബോര്ഡുകളേറെയും ഹിന്ദിയില്‍
കോഴിക്കോട്: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ഫ്ളക്സ് ബോര്ഡുകളേറെയും ഹിന്ദിയില്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ സംഘടനയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹിന്ദിയില്‍ എഴുതിയ ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇംഗ്ലീഷിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മാസം നാല്, അഞ്ച് തിയതികളിലാണ് സി.ഐ.ടി.യു ജില്ലാ സമ്മേളനം കോഴിക്കോട്ട് നടക്കുക. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന മാനാഞ്ചിറ, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം, ബാങ്ക് റോഡ് ജങ്ഷന് എന്നിവിടങ്ങളില്‍ ഹിന്ദിയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
'മോദി സര്‍ക്കാര്‍ പൊതുജനങ്ങളുടേതോ കോര്പറേറ്റുകളുടേതോ ?' എന്ന ചോദ്യമാണ് എല്ലാ ബോര്‍ഡിലും ഉന്നയിക്കുന്നത്. 'തെരഞ്ഞെടുപ്പിന് മുന്‍പ് മോദി നല്കിയ വാഗ്ദാനം പാലിച്ചോ? ഇനിയുള്ള മൂന്നു വര്‍ഷം ഇവര്‍ വാക്ക് പാലിക്കുമെന്ന് ഉറപ്പുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും സി.ഐ.ടി.യു പ്രചാരണ ബോര്‍ഡില്‍ ഹിന്ദിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വിലയുടെ പേരില്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന വാദവും സി.ഐ.ടി.യു ഉന്നയിക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുറഞ്ഞില്ലെന്നും പ്രചാരണ ബോര്‍ഡിലുണ്ട്. സമ്മേളനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ തന്നെയാണ് ഹിന്ദിയിലും ഇംഗ്ലീഷിലും ബോര്‍ഡ് സ്ഥാപിച്ചതെന്ന് സി.ഐ.ടി.യു ജില്ലാ നേതൃത്വം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള നീക്കം സി.ഐ.ടി.യു നേരത്തെ തുടങ്ങിയിരുന്നതായും സംഘടനാ നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇതിനോടകം ഇതരസംസ്ഥാന തൊഴിലാളികളുടെ കണ്വന്ഷന് സി.ഐ.ടി.യു നടത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെവിടെയുമുള്ള തൊഴിലാകള്‍ക്ക് സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിക്കാമെന്നും നേതാക്കള്‍ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."