ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭ്യമാക്കും: മന്ത്രി എ.സി. മൊയ്തീന്‍
തിരുവനന്തപുരം: ശാരീരികാവശതകള്‍ അനുഭവിക്കുന്നവരെ ഒപ്പം നിര്‍ത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഗ്രീന്‍കാര്‍പ്പെറ്റ് പദ്ധതി ടൂറിസം മേഖലയില്‍ നടപ്പിലാക്കി വരികയാണെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ നൂറുപേര്‍ക്കായി വിനോദ സഞ്ചാര വകുപ്പും സൗത്ത് ഇന്ത്യാ ടൂറിസം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുഗമസഞ്ചാരം വിനോദയാത്രാ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനായാസം ചെന്നെത്താനും ആഹ്ലാദപൂര്‍വം സമയം ചെലവഴിക്കാനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. ആദ്യ കേന്ദ്രമായി ഫോര്‍ട്ടുകൊച്ചിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനായി യാത്രാ സഹായകേന്ദ്രങ്ങളില്‍ വീല്‍ ചെയറുകള്‍, ചെറു വൈദ്യുതി വാഹനങ്ങള്‍, ശ്രവണവൈകല്യമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശീലനം ലഭിച്ച ഗൈഡുകളുടെ സേവനം, കാഴ്ചവൈകല്യമുള്ളവര്‍ക്ക് ബ്രെയ്ല്‍ ലിപിയിലുള്ള ബോര്‍ഡുകളും മെനു കാര്‍ഡുകളും, സ്പര്‍ശനക്ഷമമായ മാപ്പുകള്‍ എന്നിവ ലഭ്യമാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെ ടൂറിസം കേന്ദ്രങ്ങളെ വൃത്തിയുള്ളതും വിവരലഭ്യത ഉറപ്പാക്കുന്നതുമായ കേന്ദ്രങ്ങളാക്കി വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെയും സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും വിവിധ പുനരധിവാസ/ പരിശീലന കേന്ദ്രങ്ങളില്‍നിന്നുള്ള നൂറോളം ഭിന്നശേഷിക്കാര്‍ക്കാണ് സുഗമസഞ്ചാരം പദ്ധതിയിലൂടെ ഒരു ദിവസത്തെ വിനോദസഞ്ചാരത്തിന് അവസരം ലഭിച്ചത്. വേളി ടൂറിസ്റ്റ് വില്ലേജില്‍ ബോട്ടിംഗിനും വിശ്രമത്തിനും ശേഷം ശംഖുമുഖത്തെ റിസോര്‍ട്ടില്‍ ഉച്ചഭക്ഷണം, തുടര്‍ന്ന് വൈകുന്നേരത്തോടെ ശംഖുമുഖം ബീച്ച് സന്ദര്‍ശനം എന്നിവയാണ് വിനോദ സഞ്ചാര പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജന്മനാ ഇരു കൈകളുമില്ലാത്ത ഗായികയും ചിത്രകാരിയുമായ കണ്മണി, വീല്‍ചെയര്‍ ബോഡി ബില്‍ഡിംഗ് വിഭാഗത്തില്‍ ലോക പുരസ്‌കാരം നേടിയ അബ്ദുള്‍ ബുഖാരി എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."