പുറമ്പോക്കിലെ കൂരയില്‍ തിങ്ങിഞെരുങ്ങി പത്തോളം കുടുംബങ്ങള്‍
പനമരം: ഭവനരഹിതര്‍ക്ക് വീടും സ്ഥലവും.. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങളില്‍ എപ്പോഴും സ്ഥാനം പിടിക്കുന്നതാണിത്. എന്നാല്‍ പദ്ധതികളെത്ര പ്രഖ്യാപിച്ചാലും ഇതില്‍ നിന്ന് തഴയപ്പെടുന്നത് ഏറ്റവും അര്‍ഹതയുള്ളവരുമാണ്. പനമരം-മാത്തൂര്‍ കബനി പുഴയോട് ചേര്‍ന്ന് റോഡരികിലെ പുറമ്പോക്കില്‍ കഴിയുന്ന കുടുംബങ്ങളും വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്. സ്വന്തമായൊരു വീടെന്ന വര്‍ഷങ്ങളായുള്ള സ്വപ്നം എന്ന് യാഥാര്‍ഥ്യമാകുന്നറിയാതെ പുറമ്പോക്കിലെ ഒറ്റമുറി കൂരകളില്‍ ഞെരിഞ്ഞമര്‍ന്ന് ഇവിടെ കഴിയുന്നത് പത്തോളം നിര്‍ധനരായ കുടുംബങ്ങളാണ്. ഇതില്‍ സര്‍ക്കാര്‍ തലങ്ങളില്‍ ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പട്ടികജാതി വിഭാഗക്കാരും ഒ.ബി.സി, ജനറല്‍ വിഭാക്കാരുമുണ്ട്. പുറമ്പോക്കില്‍ താമസിക്കുന്നതിനാല്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇതുവരെ അനുവദിച്ചിട്ടില്ല. ഇതിനാല്‍ റേഷന്‍ സാധനങ്ങളും ഇവര്‍ക്ക് അന്യമാണ്. ആവശ്യമായ മറ്റു രേഖകളില്ലാത്തതിനാല്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന മറ്റാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കാറില്ല.
13 വര്‍ഷമയി ഇവിടെ പുറമ്പോക്കില്‍ താമസിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട 60 കഴിഞ്ഞ രാജന്റെ അവസ്ഥ ദയനീയമാണ്. കുട്ട നെയ്ത് ഉപജീവനം നടത്തുന്ന രാജനും അധികൃതര്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടില്ല. ആഴ്ചയില്‍ കുട്ടനെയ്ത് കിട്ടുന്ന 500 രുപയാണ് ആകെയുള്ള വരുമാനം. കുട്ട വില്‍പന നടന്നില്ലെങ്കില്‍ അന്ന് കുടുംബത്തിന് അര്‍ധ പട്ടിണിയാണ്. പഠിക്കാന്‍ മിഠുക്കിയായിരുന്ന മകളെ രാജന്‍ പ്ലസ്ടു വരെ പഠിപ്പിച്ചത് തന്നെ ഏറെ കഷ്ടപ്പെട്ടാണ്. മകള്‍ രാധികക്ക് തുടര്‍ പഠനത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം തുടരാന്‍ കഴിഞ്ഞില്ല.
പുഴയോട് ചേര്‍ന്ന് താമസിക്കുന്നതിനാല്‍ ശക്തമായ വെള്ളം വന്നാല്‍ ഏത് നിമിഷവും കെട്ടിയ കൂര പുഴയെടുക്കും. ഭയത്തോടെയാണ് ഇവിടെ എല്ലാവരും കഴിയുന്നത്. പുറമ്പോക്കിലെ താമസക്കാരില്‍ 60 കഴിഞ്ഞ രോഗികള്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെയുണ്ട്.
മിക്ക കുടുംബങ്ങളുടേയും പാചകവും ഉറക്കവുമല്ലാം ഷീറ്റുകൊണ്ടു മേഞ്ഞ ഒറ്റമുറിയിലാണ്. ഭൂമിക്കും വീടിനുമായി തദ്ദേശ സ്ഥാപനങ്ങളിലുള്‍പ്പെടെ മാറിമാറി വരുന്നവരോട് പരാതികളും നിവേദനങ്ങളുമായി നിരന്തരം സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഭവനരഹിതര്‍ക്ക് സ്ഥലവും വീടും പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ അധികൃതര്‍ പുറമ്പോക്കിലെ ഒറ്റമുറികളിലേക്കെത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മരിക്കുന്നതിന് മുന്‍പെങ്കിലും സ്വന്തം കൂരയാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."