മീറ്റര്‍ റീഡര്‍: ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കെ.എസ്.ഇ.ബി
കോഴിക്കോട്: കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതി. 1500ല്‍ ഏറെ ഒഴിവുകള്‍ നിലവിലുണ്ടായിട്ടും ഇതുവരെ ഒരു ഒഴിവ് മാത്രമാണ് വൈദ്യുതി ബോര്‍ഡ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. സി.ഐ.ടി.യു യൂനിയന്റെ സമ്മര്‍ദമാണെന്ന് ഇതിനു പിന്നിലെന്നാണ് ആരോപണം. മീറ്റര്‍ റീഡര്‍ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്. പത്തു വര്‍ഷത്തിലേറെ ഈ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ട്. കരാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് മീറ്റര്‍ റീഡര്‍ തസ്തികയില്‍ നിയമനം പ്രതിസന്ധിയിലായത്. അഞ്ചു വര്‍ഷത്തിലേറെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
നിലവില്‍ 92 ലക്ഷം വൈദ്യുതി കണക്ഷനാണ് കേരളത്തിലുള്ളത്. ഇത്രയും മീറ്ററുകള്‍ പരിശോധിച്ച് ബില്ല് തയാറാക്കാന്‍ ശരാശരി 3200 പേരെങ്കിലും വേണമെന്നാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്തെ 71 കെ. എസ്. ഇ. ബി ഡിവിഷനുകളിലായി 743 പേര്‍ മാത്രമാണ് സ്ഥിരം നിയമനം നേടിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1500 ഓളം പേര്‍ കരാര്‍ അടിസ്ഥാനത്തിലുള്ളവരാണ്. മീറ്റര്‍ റീഡറായി ഒരു സ്ഥിരം ജീവനക്കാരന്‍ പോലുമില്ലാത്ത സെക്ഷന്‍ ഓഫിസുകള്‍ കേരളത്തില്‍ നിരവധിയുണ്ട്. ഒഴിവുകള്‍ മറച്ചുവെച്ച് കെ.എസ്.ഇ.ബി അധികൃതര്‍ വകുപ്പു മന്ത്രിയെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുസംബന്ധിച്ച് നിയമസഭയില്‍ വന്ന ചോദ്യത്തിന് ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
2010ലാണ് മീറ്റര്‍ റീഡര്‍ തസ്തികയില്‍ ഒടുവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയനം ലഭിച്ചിരുന്നു. 593 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയതോടെ 2011 സെപ്തംബറില്‍ ഈ ലിസ്റ്റ് റദ്ദാക്കി. പിന്നീട് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഒഴിവിലേക്ക് ഏപ്രിലില്‍ പി.എസ്.സി പരീക്ഷ നടത്തിയിരുന്നു. 22,000 പേരാണ് ഈ പരീക്ഷ എഴുതിയത്.
അതേസമയം, ഇന്‍സര്‍വിസ് ക്വാട്ടയില്‍ 328 ഒഴിവ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മസ്ദൂര്‍ ആയി നിയമനം നേടിയവരാണ് ഇതുപ്രകാരം നിയമിക്കപ്പെടുക. ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യമാണ് മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. എന്നാല്‍ ബി.ടെക് യോഗ്യതയുള്ളവര്‍ പോലും ഈ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുകയാണ്. റാങ്ക് ലിസ്റ്റ് വന്നാലും ഇവരില്‍ ഒരാള്‍ക്ക്് മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമനം ലഭിക്കുകയുള്ളൂ. ഇങ്ങനെയിരിക്കെയാണ് ഏഴാം ക്ലാസ് യോഗ്യതയുള്ള മസ്ദൂര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
സ്മാര്‍ട്ട് മീറ്ററിന്
ആളുവേണ്ടെന്ന്
കോഴിക്കോട് ഐ.ഐ.എം നടത്തിയ പഠനത്തെ തുടര്‍ന്നാണ് മീറ്റര്‍ റീഡര്‍ തസ്തികയില്‍ പുറമെ നിന്നുള്ള നിയമനം വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നിന്റെ ഭാഗമായിട്ടായിരുന്നു പഠനം നടത്തിയത്. ഇപ്പോഴത്തെ ഇലക്ട്രോണിക് മീറ്ററിന് പകരം പി.ഡി.എ മീറ്റര്‍ (സ്മാര്‍ട്ട് മീറ്റര്‍) സ്ഥാപിക്കണമെന്നും ഐ.ഐ.എം.കെയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലായാല്‍ മീറ്റര്‍ റീഡര്‍മാരുടെ ആവശ്യമുണ്ടാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിയിലെ സാമ്പത്തിക വിഭാഗത്തിന്റെ പരിഗണനക്കായി അയച്ചിരിക്കുകയാണ്. 20 വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് പറയുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കുവേണ്ടി ഇപ്പോഴേ നിയമനം തടയുന്നത് നീതീകരിക്കാനാവില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."