ജെ.ഡി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീരന്‍ വിഭാഗത്തിന് തോല്‍വി
കോഴിക്കോട്: ജനതാദള്‍ (യു) കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് തോല്‍വി. വീരേന്ദ്രകുമാര്‍ വിരുദ്ധ വിഭാഗത്തിന്റെ നേതാവും കെ.ഡി.സി ബാങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ ജില്ലാ പ്രസിഡന്റ് വി.കുഞ്ഞാലിയെ 28 വോട്ടിനാണ് മനയത്ത് പരാജയപ്പെടുത്തിയത്. ആകെയുള്ള 196 വോട്ടില്‍ 112 വോട്ട് മനയത്തിന് ലഭിച്ചപ്പോള്‍ കുഞ്ഞാലിക്ക് 84 വോട്ടു ലഭിച്ചു.
പാര്‍ട്ടിയിലെ സമ്പൂര്‍ണ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും ജില്ലയില്‍ നിന്നുള്ള 13 സംസ്ഥാന കൗണ്‍സിലര്‍മാരുടെയും 50 ജില്ലാകമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പും ഇന്നലെ നടന്നത്. ജില്ലാകമ്മിറ്റി ഓഫിസിലായിരുന്നു വോട്ടെടുപ്പ്. റിട്ടേണിങ് ഓഫിസര്‍ കെ.പ്രദീപ് കുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മനയത്ത് ചന്ദ്രന്‍ വീരേന്ദ്രകുമാറുമായി ഇടഞ്ഞത്. ഇതേതുടര്‍ന്ന് മനയത്ത് ചന്ദ്രനെ നീക്കി വീരേന്ദ്രകുമാറിന്റെ നോമിനിയായ വി.കുഞ്ഞാലിയെ പ്രസിഡന്റാക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ മനയത്തിന്റെ നേതൃത്വത്തിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും വി.കുഞ്ഞാലി നയിക്കുന്ന ഗ്രൂപ്പും ഏറെ നാളായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനായി വന്‍ ഒരുക്കങ്ങളാണ് ഇരു കൂട്ടരും നടത്തിയത്. പാര്‍ട്ടി മണ്ഡലം ഭാരവാഹികള്‍ക്കും ജില്ലാ കൗണ്‍സിലര്‍മാര്‍ക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
കൗണ്‍സിലര്‍മാരെ ചാക്കിടാന്‍ നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ മനയത്ത് ചന്ദ്രന്‍ വിജയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ വി.കുഞ്ഞാലിക്കായിരുന്നു മുന്‍തൂക്കം.
കുഞ്ഞാലി തന്നെ പ്രസിഡന്റായി തുടരട്ടെ എന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കളും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ചരടുവലികള്‍ക്കൊടുവില്‍ മനയത്ത് ചന്ദ്രന് അനുകൂലമായ സാഹചര്യം രൂപപ്പെടുകയായിരുന്നു.
കെ.ഡി.സി ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മനയത്ത് വോട്ടര്‍മാരെ ഒപ്പം നിര്‍ത്തിയതെന്ന ആരോപണമുണ്ട്.
ജില്ലയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ജനറല്‍ വിഭാഗത്തില്‍ പി.കിഷന്‍ചന്ദ്, എം.പി ശിവരാജന്‍, അബ്രഹാം മാനുവല്‍, കെ.ശങ്കരന്‍, എം.കെ ഭാസ്‌കരന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."