എം.ഇ.എസില്‍ അഴിമതി ആരോപിച്ച് ഒരുവിഭാഗം രംഗത്ത്
കോഴിക്കോട്: എം.ഇ.എസില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം നേതാക്കള്‍ രംഗത്ത്. വിവിധ ജില്ലാകമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലുമുള്ള ഭാരവാഹികള്‍ ചേര്‍ന്നാണ് സേവ് എം.ഇ.എസ് ഫോറം എന്ന പേരില്‍ വിമത കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
ഫോറം വിവിധ കമ്മിറ്റികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പും അയച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ സംഘടനയില്‍ ഏകാധിപതിയാവുന്നു എന്നാരോപിച്ചാണ് പല സ്ഥലങ്ങളിലും വിമതശബ്ദം ഉയരുന്നത്.
മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ യോഗംചേര്‍ന്ന് സംസ്ഥാന പ്രസിഡന്റിനെതിരേ ധൂര്‍ത്തും അഴിമതിയും ആരോപിച്ച് രംഗത്തുവന്നു. ഹൈക്കോടതിയിലും കോഴിക്കോട് മുന്‍സിഫ് കോടതിയിലും പല വിഷയങ്ങളുമായി ബന്ധപ്പെട്ടു ഫസല്‍ ഗഫൂറിനെതിരേ നല്‍കിയ പരാതിയുമായി മുന്നോട്ടു പോവാനുമാണ് ഇവര്‍ തീരുമാനിച്ചത്. എം.ഇ.എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്ന ഡോ.കെ.മഹ്ഫൂസ് റഹീം, എടത്തനാട്ടുകര യൂനിറ്റ് സെക്രട്ടറി സി.മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
പല ജില്ലാകമ്മിറ്റികളിലും സ്ഥാപനകമ്മിറ്റികളിലും പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടിനെതിരേ പ്രതിഷേധമുള്ളവരുണ്ടെന്നും പലരും അദ്ദേഹത്തെ ഭയപ്പെട്ടു നിശബ്ദരാവുകയാണെന്നും വിമതപക്ഷക്കാര്‍ പറയുന്നു. ഫസല്‍ ഗഫൂര്‍ പ്രസിഡന്റാവുന്നതിന്റെ മുന്‍പെ സംഘടന ജനാധിപത്യ രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും എല്ലാ അഭിപ്രായങ്ങളും തുറന്നുപറയാന്‍ സംഘടനയില്‍ അവസരമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഫസല്‍ ഗഫൂര്‍ വന്നതോടെ ഇതുമാറി. ഒരാള്‍ക്ക് മൂന്നുവര്‍ഷം മാത്രമേ അധ്യക്ഷനാകാനാവൂ എന്ന എം.ഇ.എസ് ബൈലോ ഭേദഗതി ചെയ്തു ആജീവനാന്തം അധ്യക്ഷ പദവിയിലിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം നിലപാടുകള്‍ക്കെതിരേ പല ജില്ലകളില്‍ നിന്നും ഉയരുന്ന വിമതസ്വരങ്ങളെ ഏകോപിപ്പിക്കും.
തെരഞ്ഞെടുപ്പിലൂടെ വന്ന കമ്മിറ്റികളെ കൂടുതല്‍പേരെ നോമിനേറ്റ് ചെയ്തു അദ്ദേഹം ഹൈജാക്കു ചെയ്യുകയാണ്. ജില്ലാ കമ്മറ്റികളിലേക്കു വരെ ഏകപക്ഷീയമായി അനുയായികളെ നോമിനേറ്റ് ചെയ്യുകയാണ്. ജനറല്‍ സെക്രട്ടറിയായ പ്രൊഫ. ലബ്ബ കാര്യങ്ങളെല്ലാം അറിയുന്നുണ്ടെങ്കിലും നിസഹായനാണെന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പുതിയ ബൈലോപ്രകാരം സ്റ്റേറ്റ് എക്‌സിക്യൂട്ടിവിലേക്ക് 15 മെമ്പര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ പ്രസിഡന്റെ് 20 മെമ്പര്‍മാരെ നോമിനേറ്റ് ചെയ്യുകയാണ്. ഭൂരിപക്ഷം കിട്ടാല്‍ സാധ്യതയില്ലാത്ത ജില്ലകളില്‍ മറ്റു ജില്ലകളില്‍ നിന്നും വ്യാജ മെമ്പര്‍ഷിപ്പ് ഇറക്കുമതി ചെയ്യുകയാണെന്നും തൃശൂര്‍ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് കാലിക്കറ്റ് മുന്‍സിഫ് കോടതിയിലുണ്ടെന്നും ഇവര്‍ പറയുന്നു.
എല്‍.കെ.ജി മുതല്‍ എം.ഡി വരെയുള്ള സീറ്റുകള്‍ക്കു പതിനായിരം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഡൊണേഷനായി സ്വീകരിക്കുന്നതെന്നും എം.ഇ.എസ് ഭാരവാഹികള്‍ക്ക് പോലും സീറ്റ് കിട്ടാന്‍ പ്രസിഡന്റ് കനിയണമെന്നും കുറിപ്പ് തുടരുന്നു.എം.ഇ.എസ് മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് 100 കോടി ചെലവില്‍ തുടങ്ങാന്‍ തീരുമാനിച്ച സൂപ്പര്‍ സെപ്ഷാലിറ്റിയില്‍ മകനെ ഡയറക്ടറാക്കി എം.ഇ.എസിന്റെ ജോയിന്റ് വെന്ററായി തുടങ്ങിയിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി വാങ്ങിയസ്ഥലം കുടുംബങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായും പറയുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ ഡയരക്ടര്‍ഷിപ്പ് ഫസല്‍ ഗഫൂര്‍ രാജിവച്ചതായും അറിയുന്നു. കോഴിക്കോട് എം.ഇ.എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പെടുന്ന 52 സ്ഥലം, വളാഞ്ചേരിയിലെ 40 എകറയിലധികം വരുന്ന സ്ഥലം, കോട്ടയം തവക്കല്‍ കോംപ്ലക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഇവര്‍ അഴിമതി ആരോപിക്കുന്നുണ്ട്.
എന്നാല്‍ മേലാറ്റൂരില്‍ വിമതയോഗം ചേര്‍ന്നവര്‍ക്കെതിരേ ഫസല്‍ ഗഫൂര്‍ നടപടിയെടുത്തിരിക്കുകയാണ്. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിക്കെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും സ്ഥാപനങ്ങളെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു ഉപയോഗിച്ചതുമാണ് നടപടിക്കു കാരണമായി പറയുന്നത്.
എന്നാല്‍ എം.ഇ.എസിന്റെ സ്ഥാപനങ്ങളെല്ലാം സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലാണെന്നും എം.ഇ.എസുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കുറിപ്പിനെ അവഗണിക്കുകയാണ് വേണ്ടെതെന്നും ഫസല്‍ ഗഫൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."