HOME
DETAILS
MAL
ഐ.പി.എല്‍ വാതുവയ്പ്: ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിനുകൈമാറി
backup
April 25 2016 | 02:04 AM
കോഴിക്കോട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് അറസ്റ്റിലായവരുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിനു കൈമാറി. അറസ്റ്റിലായ നാലുപേരുടെയും ഫോണുകളിലേക്ക് കേരളത്തിനകത്തുനിന്നും ബംഗളൂരുവില്‍ നിന്നും നിരവധി കോളുകളാണ് വന്നിട്ടുള്ളത്. ഇന്നലെ അവധിയായതിനാല്‍ സൈബര്‍ സെല്ലില്‍ നിന്നും ഇന്നു മാത്രമേ ഫോണ്‍ വിളികളുടെ വിശദമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അതിനുശേഷം മാത്രമേ തുടര്‍ അന്വേഷണം ആരംഭിക്കുകയുള്ളൂവെന്ന് നോര്‍ത്ത് അസി. കമ്മിഷണര്‍ കെ. അഷ്റഫ് അറിയിച്ചു. പിടിയിലായശേഷവും നിരവധി കോളുകള്‍ ഇവരുടെ മൊബൈലിലേക്ക് വന്നിട്ടുണ്ട്. ഐ.പി.എല്ലിന്റെ പുതിയ സീസണ് തുടങ്ങിയതുമുതല്‍ ഇവര്‍ വാതുവയ്പില്‍ ഏര്‍പ്പെട്ടിരുന്നതായാണ് പൊലിസ് നല്കുന്ന വിവരം.
ഒരു ദിവസത്തെ വരുമാനമായ 5.02 ലക്ഷം രൂപയും ലാപ്പ്ടോപ്പും മാത്രമാണ് ഇവരില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലംഗസംഘത്തെ കോഴിക്കോട് മിനിബൈപ്പാസിനു സമീപത്തെ സെയില്‍ടാക്സ് ഓഫിസിനു സമീപത്തെ സിറ്റി ഹോാസ്പിറ്റല് കെട്ടിടത്തിനുള്ളില്‍ വച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചെവായൂര്‍ സ്വദേശി മുഹമ്മദ് റാഷിദ്(31), നല്ലളം എം.സി ഹൗസില്‍ ഇസ്ബുല് റഹ്മാന്(34) നല്ലളം സിറ്റി ഹോമില്‍ ഷംസു(45), തലക്കുളത്തൂര്‍ ഐഫാസില് ഹര്‍ഷാദ്(42) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ടി.വിയില്‍ തത്സമയം കളികാണുകയും ഓരോപന്തിലും ലഭിക്കുന്ന റണ്‍സും വീഴുന്ന വിക്കറ്റും പ്രവചിക്കുന്നരീതിയിലായിരുന്നു വാതുവയ്പ്. വാതുവെപ്പില്‍ പങ്കെടുക്കുന്നവര്‍ ഇവരുടെ ഫോണിലേക്ക് വിളിക്കും. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്യും. പിറ്റേദിവസം പണം നല്‍കും. വാതുവെയ്പില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ടയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. പതിനായിരം രൂപയാണ് അടിസ്ഥാന തുക. ഐ.പി.എല്‍. വാതുവയ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."