ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ല: ജ്യോതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കാരുണ്യത്തില്‍ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച തമിഴ്നാട് സ്വദേശി ബൂമാല (65)ന്റെ മൃതദേഹമാണ് ഇന്നലെ വൈകീട്ടോടെ സ്വദേശമായ ചിന്ന സേലത്തേക്ക് കൊണ്ടുപോയത്.
വര്‍ഷങ്ങളായി കാട്ടാമ്പള്ളിയില്‍ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്ന ബൂമാലനെ കഴിഞ്ഞദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് അവശനിലയില്‍ കാണപ്പെടുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മറ്റു ബന്ധുക്കളാരുമില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്ന ജ്യോതി കണ്ണൂരിലെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകിട്ടിയെങ്കിലും പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തില്‍ കാട്ടാമ്പള്ളിയിലെ ബുമാലന്റെ സുഹൃത്തുകളുടെ സഹായത്തോടെ അതിനുള്ള വഴിയൊരുക്കുകയായിരുന്നു. രാവിലെ വരെ യാത്ര ചെയ്യേണ്ടതിനാല്‍ ആംബുലന്‍സില്‍ ഫ്രീസര്‍ ഉള്‍പ്പെടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടുകാരായ ഇദ്ദേഹത്തിന്റെ ആറ് സഹപ്രവര്‍ത്തകരും കൂടെ പോയിട്ടുണ്ട്.
വര്‍ഷങ്ങളായി കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇവിടെ വോട്ടര്‍ ഐ.ഡിയും റേഷന്‍ കാര്‍ഡുമുണ്ട്. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശോഭ, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന്, കാട്ടാമ്പള്ളി സ്വദേശി ശറഫുദ്ദീന്‍ തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."