യുവേഫ ചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് പിടിക്കാന്‍ ബയേണ്‍
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍. ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡിനെയും ബാഴ്‌സലോണ, ബൊറൂസിയ മോണ്‍ചെന്‍ഗ്ലേഡ്ബാച്ചിനെയും ആഴ്‌സണല്‍ ബേസലിനെയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ ലുഡോഗ്രറ്റ്‌സിനെയും മാഞ്ചസ്റ്റര്‍ സിറ്റി സെല്‍റ്റിക്കിനെയും നാപ്പോളി ബെന്‍ഫിക്കയെയുമാണ് നേരിടുന്നത്.
ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണിന് ഇന്ന് കടുത്ത എതിരാളികളെയാണ് നേരിടേണ്ടത്. കഴിഞ്ഞ തവണ സെമി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുപാദങ്ങളില്‍ ഓരോ ജയം സ്വന്തമാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമായമായ എവേ ഗോളിന്റെ ബലത്തില്‍ ഫൈനലിലേക്ക് മുന്നേറാന്‍ അത്‌ലറ്റിക്കോയ്ക്ക് സാധിച്ചിരുന്നു. ഇതിന്റെ കണക്കു തീര്‍ക്കാനാണ് ബയേണ്‍ കളത്തിലിറങ്ങുന്നത്.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തുക ദുഷ്‌കരമായ കാര്യമാണ്. കഴിഞ്ഞ തവണ എവേ മത്സരത്തില്‍ അത്‌ലറ്റിക്കോയോട് ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങിയിരുന്നു. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന 19 മത്സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ രണ്ടു തവണ മാത്രമാണ് അത്‌ലറ്റിക്കോ തോല്‍വി വഴങ്ങിയിട്ടുള്ളത്. സീസണില്‍ മികച്ച ഫോമിലാണ് അത്‌ലറ്റിക്കോ. അവസാന അഞ്ചു ലാ ലിഗ മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലുമായി. കരുത്തരായ ബാഴ്‌സലോണക്കെതിരേയായിരുന്നു സമനില.
അന്റോണിയോ ഗ്രിസ്മാന്റെ മികച്ച പ്രകടനങ്ങളാണ് അത്‌ലറ്റിക്കോയെ മുന്നോട്ടു നയിക്കുന്നത്. യൂറോ കപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ഗ്രിസ്മാന്‍ സ്പാനിഷ് ലീഗിലും ഫോം തുടരുന്നതിനാല്‍ താരത്തെ പിടിച്ചു കെട്ടാന്‍ ബയേണിന്റെ പ്രതിരോധം കഷ്ടപ്പെടേണ്ടി വരും. എയ്ഞ്ചല്‍ കൊറയ, കോക്കെ തുടങ്ങിയ മികച്ച താരങ്ങളും മുന്നേറ്റത്തില്‍ അത്‌ലറ്റിക്കോയ്ക്ക് കൂട്ടുണ്ട്. പ്രതിരോധമാണ് അത്‌ലറ്റിക്കോയുടെ പ്രധാന സവിശേഷത. വമ്പന്‍ തോല്‍വികള്‍ ടീം വഴങ്ങാതിരിക്കാന്‍ കാരണവും ഇതാണ്.
യുവാന്‍ ഫ്രാന്‍, ജോസ് മരിയ ജിമെനസ്, ഫിലിപ്പ് ലൂയിസ്, ഡീഗോ ഗോഡിന്‍ എന്നിവരടങ്ങുന്ന പ്രതിരോധ നിര കരുത്തുറ്റതാണ്. കഴിഞ്ഞ തവണ അത്‌ലറ്റിക്കോയുടെ പ്രതിരോധത്തിന്റെ കരുത്ത് ബയേണ്‍ അനുഭവിച്ചറിഞ്ഞതുമാണ്. മധ്യനിരയിലര്‍ കരാസ്‌കോ, ഗെയ്റ്റാന്‍, ഫെര്‍ണാണ്ടസ് എന്നിവരുടെ സേവനവും അത്‌ലറ്റിക്കോയ്ക്ക് ഗുണം ചെയ്യും.
അതേസമയം ബയേണ്‍ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാതെയാണ് കളത്തിലിറങ്ങുന്നത്. ബുണ്ടസ് ലീഗയില്‍ തകര്‍പ്പന്‍ ഫോമിലാണ് ടീം കളിക്കുന്നത്. ജോഷ്വാ കിമ്മിച്ച്, തോമസ് മുള്ളര്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരുടെ തകര്‍പ്പന്‍ ഫോമില്‍ വമ്പന്‍ ജയം നേടാമെന്ന് ബയേണ്‍ കണക്കുകൂട്ടുന്നുണ്ട്. ജാവി മാര്‍ട്ടിനസ്, തിയാഗോ അല്‍സാന്‍ഡറ, റെനാറ്റോ സാഞ്ചസ്, മാറ്റ് ഹമ്മല്‍സ്, ഫിലിപ്പ് ലാം എന്നിവരും മികവിലേക്കുയര്‍ന്നാല്‍ ബയേണിന് ജയം സ്വന്തമാക്കാം. എന്നാല്‍ പ്രതിരോധം വേണ്ടത്ര കരുത്തില്ലാത്തത് ടീമിന് തിരിച്ചടിയായേക്കും.
മോണ്‍ചെന്‍ഗ്ലേഡ്ബാച്ചിനെതിരേ വമ്പന്‍ ജയമുറപ്പിച്ചാണ് ബാഴ്‌സ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏഴു ഗോളിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയ ബാഴ്‌സ മറ്റൊരു ജയമാണ് ലക്ഷ്യമിടുന്നത്.
മോണ്‍ചെന്‍ഗ്ലേഡ്ബാച്ചിനെതിരേ ഇതാദ്യമായിട്ടാണ് ബാഴ്‌സ നേരിടുന്നത്. മോണ്‍ചെന്‍ഗ്ലേഡ് ബാച്ചിന്റെ തട്ടകമായ ബൊറൂസിയ പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.
നേരത്തെ സ്പാനിഷ് എതിരാളികള്‍ക്കെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന 13 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയം സ്വന്തമാക്കാന്‍ ഗ്ലേഡ്ബാച്ചിന് സാധിച്ചിട്ടില്ല.എന്നാല്‍ എതിരാളികളെ നിസാരന്‍മാരായ തള്ളാന്‍ ബാഴ്‌സ തയ്യാറല്ല. ലാ ലിഗയില്‍ ഡിപോര്‍ട്ടീവോ അലാവസിനെ വിലകുറച്ചു കണ്ട ബാഴ്‌സയ്ക്ക് തോല്‍വി നേരിട്ടിരുന്നു.
സൂപ്പര്‍ താരം മെസ്സിയില്ലാത്തത് ടീമിന് തിരിച്ചടിയാണെങ്കിലും അതിനെ മറികടക്കുന്ന പ്രകടനം നടത്താന്‍ നെയ്മര്‍ക്കും ലൂയി സുവാരസിനും സാധിക്കുന്നുണ്ട്. ഇരുവരും ഗ്ലേഡ്ബാച്ചിനെതിരേയും ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ.
ബേസലിനെതിരേ ചാംപ്യന്‍സ് ലീഗില്‍ ആദ്യമായിട്ട് മത്സരിക്കാനിറങ്ങുന്ന ആഴ്‌സണല്‍ വമ്പന്‍ ജയമാണ് ലക്ഷ്യം വയ്ക്കുന്നത്. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള കളിക്കുന്ന ചെല്‍സി ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ കരുത്തരായ പി.എസ്.ജിയെ സമനിലയില്‍ തളച്ചിരുന്നു. ബേസലിനെതിരേ ജയത്തില്‍ കുറഞ്ഞൊന്നും ടീം ചിന്തിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
അലക്‌സിസ് സാഞ്ചസ്, തിയോ വാല്‍ക്കോട്ട്, മെസുറ്റ് ഒസില്‍ സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ഗണ്ണേഴ്‌സിനെ പിടിച്ചു കെട്ടാന്‍ ബേസല്‍ കഷ്ടപ്പെടേണ്ടി വരും.
പി.എസ്.ജിയും സിറ്റിയും ദുര്‍ബല എതിരാളികള്‍ക്കെതിരേ ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പി.എസ്.ജി നിരയില്‍ എഡിന്‍സന്‍ കവാനിയും സിറ്റിയില്‍ സെര്‍ജിയോ അഗ്യെറോയുമാണ് ഫോമിലുള്ള താരങ്ങള്‍. ഇരുവരും മികവിലേക്കുയര്‍ന്നാല്‍ സിറ്റിയെയും പി.എസ്.ജിയെയും പിടിച്ചു കെട്ടാന്‍ എതിരാളികള്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."