കെസ്‌റെക്കിന്റെ വെബ്‌സൈറ്റ്: മുഖ്യമന്ത്രി മാറിയത് 126-ാം ദിവസം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ നോഡല്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ(കെസ്‌റെക്) വെബ്‌സൈറ്റ് അപ്‌ലോഡ് ചെയ്തു. എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റ് 126 ദിവസം കഴിഞ്ഞപ്പോഴാണ് ശാസ്ത്ര സാങ്കേതിക സ്ഥാപനമായ കെസ്‌റെക് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തത്.
കഴിഞ്ഞ 22ന് 'സുപ്രഭാതം' കെസ്‌റെക്കിന്റെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡയറക്ടര്‍ കെ.പി. രഘുനാഥ മേനോന്‍ എന്നിവരുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത് വൈബ്‌സൈറ്റ് നവീകരിച്ചത്. ഒപ്പം അഡിഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിന്റേയും ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കെസ്‌റെക്കിന്റെ വെബ്‌സൈറ്റ് വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ ഐ.ടി. മിഷനെ ചുമതലപ്പെടുത്തി. എന്നാല്‍, കെസ്‌റെക് സ്വന്തം നിലയിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അതിനാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഐ.ടി. മിഷന്‍ തയ്യാറായിരുന്നില്ല. കെസ്‌റെക് അധികൃതര്‍ ഐടി. മിഷനുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടാമെന്നു സമ്മതിച്ചതോടെയാണ് അറ്റകുറ്റ പണികള്‍ ചെയ്യാന്‍ ഐ.ടി. മിഷന്‍ തയ്യാറായത്. എന്നാല്‍, നിലവിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ പുറത്തു നിന്നുള്ള ഏജന്‍സിയുടെ സഹായമാണ് കെസ്‌റെക്കിനു ലഭിച്ചത്. ഏകദേശം രണ്ടുലക്ഷം രൂപയോളം വെബ്‌സൈറ്റ് പുതുക്കി അപ്‌ലോഡ് ചെയ്യാന്‍ ചെലവുവന്നു.
ഐ.എസ്.ആര്‍.ഒയ്ക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും നിരവധി പദ്ധതികള്‍ കെസ്‌റെക് നടത്തിവരുന്നുണ്ട്. പുതിയ സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റ, തരിശുഭൂമികളുടെ ഡാറ്റാ ശേഖരണം തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സാറ്റലൈറ്റ് സംവിധാനങ്ങള്‍ കൊണ്ടുള്ള മാപ്പിങ്, മുടങ്ങിക്കിടക്കുന്ന റീസര്‍വെ പൂര്‍ത്തിയാക്കല്‍, വിവിധ വകുപ്പുകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സര്‍വെകള്‍ എന്നിവയും കെസ്‌റെക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന്റെ മുഴുവന്‍ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ സാങ്കേതിക മികവില്‍ വിരല്‍ത്തുമ്പില്‍ നിര്‍ത്തുന്ന കെസ്‌റെക്കിന്റെ വെബ്‌സൈറ്റാണ് ഇത്രനാളും അപ്‌ഡേറ്റ് ചെയ്യാതെ കിടന്നത്. കെസ്‌റെക്കിന്റെ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത വിദഗ്ധന്‍ പിരിഞ്ഞു പോയതാണ് അധികൃതര്‍ക്ക് തലവേദനയായതെന്നാണ് അധികൃതര്‍ പറയുന്നത്. വെബ്‌സൈറ്റിന്റെ പ്രോഗ്രാമുകള്‍ മറ്റാര്‍ക്കുമറിയാത്തതും വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."