വേലായുധന്‍ മാഷിന്റെ അധ്യാപക ജോലി എഴുപതിലും തുടരുന്നു ജയപ്രകാശ് വണ്ടൂര്‍
വണ്ടൂര്‍:'മക്കാനിയില്‍ വെള്ളം കോരി കൊടുത്താല്‍ കിട്ടുന്ന ചായ കുടിക്കും.പലഹാരത്തില്‍ പകുതി സഹോദരങ്ങള്‍ക്കായി നീക്കി വക്കും. പിന്നീട് ഒഴിഞ്ഞ വയറുമായി സ്‌കൂളിലേക്ക്. മടങ്ങുമ്പോള്‍ പലചരക്കു കടയില്‍ സഹായിയായി കൂടും. ഇതിനിടയിലെ ഒഴിവു സമയത്തു നാട്ടിലെ കടകളിലേക്കു സാധനങ്ങള്‍ പൊതിയാന്‍ തേക്കിന്‍ മരങ്ങളില്‍ കയറി ഇലകള്‍പറിച്ചു കൊടുത്തു. സ്‌കൂള്‍ അവധി ദിനങ്ങളില്‍ മണല്‍കോരി ടിന്‍ ഒന്നിന് അഞ്ചു പൈസക്ക് വിറ്റു'.
പഠിക്കുന്ന സമയത്തെ കുട്ടിക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിന്റെ കൈപ്പേറിയ കാലഘട്ടം ഓര്‍ത്തെടുക്കുകയാണ് എഴുപതിന്റെ നിറവില്‍ വണ്ടൂര്‍ പഴൂക്കര വേലായുധന്‍ മാസ്റ്റര്‍. കുട്ടിക്കാലത്തെ പഠനം എല്ലാ രീതിയിലും പരീക്ഷണമായിരുന്നു.എട്ടാം ക്ലാസുമുതല്‍ കുട്ടികള്‍ക്കു ട്യൂഷനെടുത്തു. പ്രീഡിഗ്രിക്ക് മമ്പാട് പഠിക്കുമ്പോള്‍ ബസ് ചാര്‍ജിനുള്ള നാണയത്തുട്ടുകള്‍ ഇല്ലാത്തതിനാല്‍ പലദിവസവും 12 കിലോമീറ്റര്‍ നടന്നാണു കോളജില്‍ പോയത്. ഡിഗ്രിക്ക് സീറ്റ് ലഭിച്ചത് കോഴിക്കോട് ഫാറൂഖ് കോളേജില്‍. എന്നാല്‍ വണ്ടിക്കൂലിയില്ലാത്തതതിനാല്‍ പഠനം നിര്‍ത്തി ചെങ്കല്ല് ചെത്തുന്ന ജോലിയിലേക്ക് തിരിഞ്ഞു. ഒരു വര്‍ഷത്തെ രാപകല്‍ അധ്വാനത്തിനു ശേഷം പണം കൈയില്‍ എത്തിയപ്പോഴേക്കും ഭാഗ്യവും തുണയായി. മമ്പാട് കോളജില്‍ ഡിഗ്രി തുടങ്ങി. ഇതിനിടയില്‍ ഹിന്ദി പഠിച്ചാല്‍ എളുപ്പത്തില്‍ ജോലി കിട്ടുമെന്ന ഗുരുനാഥന്റെ വാക്കുകള്‍ മനസ്സില്‍ നിറഞ്ഞു കിടന്നു . അങ്ങനെ ആര്‍.ബി.വി, ആര്‍.ബി.പി കോഴ്‌സുകളില്‍ ചേര്‍ന്നു. പരീക്ഷകള്‍ ഉയര്‍ന്ന മാര്‍ക്കു നേടി വിജയിച്ചു. ഇതിനിടയില്‍ തിരൂര്‍ സബ് കോടതി, മലപ്പുറം എം.എസ്.പി ഓഫിസ് എന്നിവിടങ്ങളില്‍ രണ്ടുമാസം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ചു. എങ്കിലും അധ്യാപകനാകാനുള്ള ശ്രമങ്ങള്‍ അവസാനിച്ചിച്ചില്ല. തുടര്‍ന്നു തൃശ്ശൂരില്‍ ഹിന്ദി പരിശീലനത്തിനു ചേര്‍ന്നു .ഇതിന്റെ അവസാനത്തിലായിരുന്നു സ്വപ്ന സാക്ഷാത്കാരം. കഷ്ടപാടുകള്‍ക്കും ദുരിതങ്ങള്‍ക്കും വിട നല്‍കിയ സര്‍ക്കാര്‍ ഉത്തരവ്. കൊന്നമണ്ണ യു.പി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി ടീച്ചറായി പി.എസ്.സി നിയമനം. ഇതിനിടക്ക് അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹിന്ദി സാഹിത്യരത്‌നം പാസായി. പിന്നീട് വണ്ടൂര്‍ വി.എം.സി സ്‌കൂളിലേക്ക് മാറ്റം .
ഹിന്ദിക്ക് പുറമെ ഇംഗ്ലീഷ,്അറബി,ഉറുദ് എന്നീ ഭാഷകളും വേലായുധന്‍ മാഷിന് അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത്രയേറെ ബിരുദങ്ങളും അറിവും ഉണ്ടെങ്കിലും സര്‍ക്കാര്‍ കനത്ത തിരിച്ചടിയാണു വേലായുധന്‍ മാഷിനു നല്‍കിയത്. കാരണം ഹൈസ്‌കൂളില്‍ നിന്നും ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കു നല്‍കിയ പ്രമോഷന്‍ ഉപകാരം ഇല്ലാത്തതായിരുന്നു. ഉത്തരവു വന്നത് 2002 ല്‍ സ്‌കൂളില്‍ നിന്നും വിരമിച്ചതിനു ശേഷം. പെരിന്തല്‍മണ്ണയിലെ ഒരു ബി.എഡ് സെന്ററിന്റെ പ്രിന്‍സിപ്പാളായി ജോലിനോക്കുകയാണു മാഷ്. ഒപ്പം പാട്ടുകളും കവിതകളും എഴുതുന്ന തിരക്കിലുമാണ്. കൂടെ നാടക രചനയും നടക്കുന്നുണ്ട്. കൂട്ടിന് എല്ലാ സഹായങ്ങളുമായി ഭാര്യ വിലാസിനിയുമുണ്ട് കൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."