പ്രചാരണം വാസ്തവ വിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്
എടക്കര: എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്റഫലിയും സമസ്തയും തമ്മിലുള്ള പ്രശ്നം തീര്‍ന്നുവെന്ന രൂപത്തില്‍ മുസ്ലിം യൂത്ത്ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലെ ചില നേതാക്കളുടെതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് എടക്കര മേഖല കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സമസ്തയെയും സമസ്ത വിദ്യാര്‍ഥി-യുവജന നേതാക്കളെയും വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അഷ്റഫലിക്കെതിരേ സമസ്ത-യുവജന നേതാക്കള്‍ മുസ്ലിംലീഗിന്റെ സംസ്ഥാന നേതാക്കള്‍ക്കു പരാതി നല്‍കിയിരുന്നു. സത്യാവസ്ഥയറിയാന്‍ മുന്നിട്ടിറങ്ങിയ ലീഗ് നേതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിക്കുകയും ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പോസ്റ്റിന്റെ ഉറവിടം അഷ്റഫലിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്നു സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് ചേര്‍ന്ന് അഷ്റഫലിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് അദ്ദേഹത്തെ നേതാക്കള്‍ വിളിക്കുകയും തന്റെ മൊബൈല്‍ ആരോ ദുരുപയോഗം ചെയ്തതാണെന്നും അതു കണ്ടെത്താന്‍ സാവകാശം വേണമെന്ന് അഷ്റഫലി അറിയിക്കുകയും ചെയ്തിരുന്നു. ഒരു മാസം പിന്നിട്ടിട്ടും വിവാദ പോസ്റ്റിനു പിന്നില്‍ താനല്ലെന്നു തെളിയിക്കാന്‍ അഷ്റഫലിക്കു സാധിച്ചിട്ടില്ല. വാസ്തവം ഇതായിരിക്കെ സമസ്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത നല്കിയതു നീതീകരിക്കാനാകില്ലെന്നും എടക്കര മേഖല കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് ഉസ്മാന് ഫൈസി കാരപ്പുറം, സെക്രട്ടറി സൈനുദ്ദീന്‍ ലത്വീഫി വെള്ളിമുറ്റം, ഹുസൈന് മുസ്ലിയാര് മൂത്തേടം, ഫൈസല്‍ ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി പാതാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."