പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത നിര്‍മാണം അവസാനഘട്ടത്തില്‍
പരപ്പനങ്ങാടി: നഗരസഭയിലെ സ്വപ്നപദ്ധതിയായ ടൗണിലെ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം അവസാനഘട്ടത്തിലേക്ക്. അതേ സമയം, പദ്ധതി പൂര്‍ത്തിയാകുന്നതിന്റെ മുമ്പുതന്നെ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം തുടങ്ങി. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പരപ്പനങ്ങാടിയുടെ മുഖച്ഛായ മാറ്റാനുതകുന്ന ഈ പദ്ധതിയുടെ മേല്‍ക്കൂര നിര്‍മാണവും വെള്ളകെട്ടു ഒഴിവാക്കാനുള്ള പ്രവര്‍ത്തിയും പൂര്‍ത്തിയായിട്ടില്ല.
സംസ്ഥാന സര്‍ക്കാരും റെയില്‍വെയും ഓരോ കോടി രൂപവീതം വഹിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാളം കുരുക്കിട്ട പാതയിലെ ലെവല്‍ക്രോസിനടിയിലൂടെയാണ് അടിപാത ഒരുക്കിയിട്ടുള്ളത്. കോണ്‍ക്രീറ്റ് ചതുരപ്പെട്ടികള്‍ റെയില്‍വെ ട്രാക്ക് തുരന്നു റെയില്‍പാളങ്ങള്‍ക്കടിയില്‍ സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഒട്ടേറെ മരങ്ങളും വൈദ്യുതിത്തൂണുകളും പിഴുതുമാറ്റിയിരുന്നു.
ട്രെയിന്‍ ഗതാഗതത്തിന് കാര്യമായ തടസ്സം വരാതെയാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. നേരത്തെ, ഇവിടെ ഉണ്ടായിരുന്ന റെയിവേഗേറ്റ് മേല്‍പ്പാലം വന്നതോടെ റെയില്‍വെ കൊട്ടിയടക്കുകയായിരുന്നു. ഇതുകാരണം കാല്‍നടയാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ബസ് സ്റ്റാന്റ്, സ്‌കൂളുകള്‍, ബാങ്കുകള്‍, കോടതികള്‍, പൊലിസ് സ്‌റ്റേഷന്‍, നഗരസഭാ കാര്യാലയം, മറ്റുസര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായി.
പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാനും പ്രയാസമായിരുന്നു. നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞ് അന്നു മന്ത്രിയായിരുന്ന നിയോജക മണ്ഡലം എം.എല്‍.എ പി.കെ അബ്ദുറബ്ബും ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയും പ്രത്യേകം താല്‍്പര്യമെടുത്താണ് അടിപാത എന്ന ആശയം കൊണ്ടുവന്നത്. ചെറുകിട വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 95 ശതമാനം പ്രവൃത്തി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ശേഷിച്ച പണി തീര്‍ന്നാലെ ഉദ്ഘാടനം തീരുമാനിക്കാന്‍ കഴിയൂ. ഇതിനിടക്കാണ് ബൈക്കുകള്‍ അടിപ്പാതയിലൂടെ ചീറിപ്പായുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."