കുടുംബശ്രീ വാഹനങ്ങളിലെ മാലിന്യം: ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിന് വിലക്ക്
പുതുശ്ശേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൂട്ടുപാതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യം കൊണ്ടുപോകുന്നതിന് നഗരസഭയുടെ വിലക്ക്.
തുണി, പേപ്പര്‍, ചൂല്, ചെരിപ്പ് തുടങ്ങിയ മാലിന്യങ്ങളൊന്നും ട്രഞ്ചിങ് ഗ്രൗണ്ടിലേക്കു കയറ്റേണ്ടെന്നും പ്ലാസ്റ്റിക് മാലിന്യം കഴുകികൊണ്ടുവരണമെന്നുമാണ് നിര്‍ദേശം. വെള്ളിയാഴ്ച മാലിന്യവുമായി എത്തിയ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിറ്റിന്റെ വാഹനങ്ങള്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രഞ്ചിങ് ഗ്രൗണ്ടിന് മുന്നില്‍ തടഞ്ഞു.
അടുത്തദിവസം മുതല്‍ ജൈവ മാലിന്യവും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മാത്രം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളിയാല്‍ മതിയെന്നാണ് നിര്‍ദേശം. വീടുകളില്‍ എടുക്കുന്ന കവറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ കഴുകി വൃത്തിയാക്കി നല്‍കണമെന്നും മറ്റ് അജൈവ മാലിന്യങ്ങളുടെ കാര്യം തങ്ങള്‍ക്കറിയില്ലെന്നുമാണ് നഗരസഭയുടെ നിലപാട്.
എന്നാല്‍, കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന നഗരസഭയുടെ നടപടിയെ അംഗീകരിക്കാനാവില്ലെന്ന് കുടുംബശ്രീ സിറ്റി ക്ലീനിങ് തൊഴിലാളികള്‍ പറയുന്നു.
ഹോട്ടലില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കവറുകളും ഇറച്ചി, മീന്‍ തുടങ്ങിയവ വാങ്ങുന്ന കവറുകളൊക്കെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ കഴുകിക്കൊടുക്കണമെന്നാണ് നിര്‍ദേശം.
നിലവില്‍ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും തരംതിരിച്ചു നല്‍കാറില്ല. ഇത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് വേര്‍തിരിച്ച് ട്രഞ്ചിങ് ഗ്രൗണ്ടില്‍കൊണ്ടുതള്ളുന്നത്. മാലിന്യത്തില്‍ പണി ചെയ്യുന്ന തങ്ങള്‍ക്ക് തുച്ഛമായ കൂലിയാണ് ലഭിക്കുന്നതെന്ന് നഗരസഭാ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിയന്‍ (സിഐടിയു) യൂണിറ്റ് സെക്രട്ടറി ഷമ പറയുന്നു. നിലവില്‍ 18 യൂണിറ്റുകളിലായി 85 കുടുംബശ്രീ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്.
പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം നിറച്ചും വൃത്തിയില്ലാത്ത കവറുകള്‍ അതേപടി കെട്ടിയുമാണ് വീടുകളില്‍ നിന്ന് ലഭിക്കുക. കഴുകി നല്‍കണമെന്ന നിര്‍ദേശം വീട്ടുകാര്‍ ചെയ്യാറില്ല. അജൈവ മാലിന്യം സ്വീകരിക്കില്ലെന്ന നഗരസഭയുടെ തീരുമാനത്തിന് വലിയ തിരിച്ചടിയാകും. സ്വീകരിക്കാത്ത മാലിന്യങ്ങള്‍ കുടുംബശ്രീക്കാര്‍ക്കും എടുക്കാനാവില്ല.
അതുകൊണ്ടുതന്നെ ഇവ റോഡരികില്‍ വലിച്ചെറിയുന്ന അവസ്ഥയുണ്ടാകും. മാലിന്യം വലിച്ചെറിയുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നഗരസഭയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകളില്‍ പായ്ക്കറ്റ് ഭക്ഷണ സാധനങ്ങളുടെ കവറുകളും സ്വീകരിക്കില്ല.
എന്നാല്‍, നഗരസഭയുടെ മാലിന്യ വണ്ടിക്കാര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കേണ്ടതില്ലെന്നതാണ് സ്ഥിതി. നിര്‍ദേശങ്ങള്‍ എല്ലാം കുടുംബശ്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. നഗരസഭ ആരംഭിച്ച മാലിന്യ സ്വീകരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇവിടെ ജൈവവും അജൈവവും വേര്‍തിരിച്ചു നല്‍കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ആരും ചെയ്യാറില്ല. തുടര്‍ന്ന് ഇവിടെ ചുമതലയുള്ളവര്‍ അജൈവ മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന സ്ഥിതിയുണ്ട്.
15 കേന്ദ്രങ്ങള്‍ തുടങ്ങിയതില്‍ അഞ്ചെണ്ണം ഇതിനകം പൂട്ടി. ബാക്കിയുള്ളതില്‍ ചിലതുമാത്രമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചുനല്‍കണമെന്ന നിര്‍ദേശം ജനങ്ങള്‍ പാലിക്കുന്നില്ലെന്നത് വലിയ വെല്ലുവിളി തന്നെയാണ്. മാത്രമല്ല, നഗരസഭയ്ക്കും സ്വീകരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിസ്സംഗ നിലപാടാണുള്ളത്. നഗരസഭ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരവീഴ്ചയാണ് പാലക്കാട് നഗരത്തിലെ മാലിന്യപ്രശ്‌നത്തിന്റെ പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."