ബാലുശ്ശേരിയില്‍ ഇലപ്പുഴു രോഗം ബാധിച്ച് വാഴകള്‍ നശിക്കുന്നു
ബാലുശ്ശേരി: മേഖലയില്‍ വാഴകള്‍ക്ക് ഇലപ്പുഴു രോഗം വ്യാപകമാകുന്നു. വയലുകളിലും പറമ്പുകളിലും രോമങ്ങള്‍ നിറഞ്ഞ പുഴുക്കളുടെ ആക്രമണം കാരണം വാഴകള്‍ നശിക്കുകയാണ്. പകുതി വളര്‍ച്ചയെത്തിയതും കുലക്കാറായതുമായ നേന്ത്രന്‍, പൂവന്‍, മൈസൂര്‍, കദളി വാഴകളിലെ ഇലകളിലാണു പുഴുവിന്റെ ആക്രമണം.
ഇലകള്‍ കരിഞ്ഞു വാഴയുടെ വളര്‍ച്ച മുരടിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. വായ്പയെടുത്തും വലിയ തുക മുടക്കിയും കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷയാണു പുഴുക്കള്‍ നശിപ്പിക്കുന്നത്. പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴുക്കളെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയുന്നില്ല. നന്മണ്ട, കരിയാത്തന്‍കാവ്, പറമ്പിന്‍മുകള്‍, മണ്ണാംപൊയില്‍ എന്നിവിടങ്ങളിലാണു രോഗം വ്യാപകമാകുന്നത്.
മഴയും വെയിലും ഒരുമിച്ചുള്ള കാലാവസ്ഥയാണു പുഴുരോഗം വ്യാപിക്കാന്‍ കാരണമെന്നാണു കര്‍ഷകര്‍ പറയുന്നത്. ചിലയിടങ്ങളില്‍ ഇലപ്പുഴു രോഗത്തിനൊപ്പം തണ്ടു തുരപ്പന്റെ ആക്രമണവുമുണ്ട്.
വാഴക്കുലകള്‍ക്കു വിപണിയില്‍ നല്ല വിലയുള്ളതിനാല്‍ ഇത്തവണ നാട്ടിന്‍പുറങ്ങളിലെ ജനശ്രീകളും മറ്റു സംഘങ്ങളും വന്‍തോതില്‍ വാഴകൃഷി നടത്തിയിരുന്നു. ഇവരാണു പുഴു ആക്രമണത്തില്‍ ബുദ്ധിമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."