ജില്ലയില്‍ ആറു വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങും
കോഴിക്കോട്: വര്‍ധിച്ചുവരുന്ന തെരവുനായ്ക്കളുടെ ശല്യം പരിഹരിക്കാനായി മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തതോടെ ജില്ലയില്‍ ആറു വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, മാങ്കാവ്, ബാലുശ്ശേരി മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങുക.
തെരവുനായ്ക്കളുടെ എണ്ണം തടയുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുമായി യോജിച്ചു നടപ്പിലാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. നായ്ക്കളുടെ വന്ധ്യംകരണത്തിനായി മൊബൈല്‍ യൂനിറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
വന്ധ്യംകരിക്കപ്പെടുന്ന തെരവുനായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറുള്ള സന്നദ്ധ സംഘടനകളെ ചുമതല ഏല്‍പ്പിക്കും. വന്ധ്യംകരണ കേന്ദ്രങ്ങളാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്ന മൃഗാശുപത്രികളില്‍ ആവശ്യമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതി സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ മൂന്നിന് 2.30ന് കലക്ടറേറ്റില്‍ യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ യു.എസ് രാമചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ.സി മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആര്‍.എല്‍ സരിത പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."