കുറുപ്പംപടി ഡയറ്റില്‍ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിഛേദിച്ചത് വിവാദമാകുന്നു
പെരുമ്പാവൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കുറുപ്പംപടി ഡയറ്റില്‍ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് വൈദ്യുതി വിഛേദിച്ചത് വിവാദമാകുന്നു. തുടര്‍ന്ന് ഒരു മാസമായി വിദ്യാര്‍ഥികള്‍ പഠിക്കുന്നത് വൈദ്യുതിയില്ലാതെ. കഴിഞ്ഞ നാല് മാസത്തെ വൈദ്യുതി ബില്‍ അടച്ചില്ലെന്ന കാരണത്താലാണ് വൈദ്യുതി ബോര്‍ഡ് ഡയറ്റിനെ ഇരുട്ടിലാക്കിയത്.
ഡയറ്റ് പ്രിന്‍സിപ്പല്‍ രേഖാമൂലം ബോര്‍ഡിനോട് സാവകാശം ചോദിക്കുകയും എ.എക്.ഇക്ക് അപേക്ഷ നല്‍കുകയും ചെയ്തുവെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് സാവകാശം നല്‍കിയില്ലെന്നും പരാതിയുണ്ട്. ചട്ടം മറികടന്ന് ഒന്നും ചെയ്യാന്‍ തങ്ങള്‍ക്കാകില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ രണ്ട് 11 കെ.വി ലൈനുകള്‍ കടന്നു പോകുന്നത് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് മുകളിലൂടെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി മറികടന്നാണ് വൈദ്യുതി ബോര്‍ഡ് ലൈന്‍ വലിച്ചിരിക്കുന്നത്. ഡി.എം ബാച്ചിലെ 75 ഓളം വിദ്യാര്‍ഥികളും ഡയറ്റിലെ 70 ഓളം കുട്ടികളുമാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്. കൂടാതെ ജില്ലയിലെ അധ്യാപക പരിശീലന കേന്ദ്രം കൂടിയാണ് കുറുപ്പംപടി ഡയറ്റ്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടില്‍ നിന്നും ഡി.പി.എ റിലീസ് ചെയ്താല്‍ മാത്രമേ കറന്റ് ബില്ലടക്കാന്‍ പണം ലഭിക്കുകയുള്ളു. ഇതിന് കാലതാമസം നേരിട്ടതിനാലാണ് ബില്‍ അടക്കാതിരിക്കാന്‍ കാരണം. 45000 രൂപയോളം മാത്രമാണ് ഡയറ്റ് ബോര്‍ഡിന് നല്‍കാനുള്ളത്. കഴിഞ്ഞ അഞ്ചാം തിയ്യതി മുതലാണ് സ്ഥാപനത്തിലേക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. അന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ ചൂട് സഹിച്ചും മറ്റുമാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനരഹിതമായിരിക്കുകായാണ്. കൂടാതെ ഓഫീസ് പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്. സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ ജനറേറ്ററിന്റെ സഹായത്തോടയാണ് നടത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ മിക്ക ജില്ലകളിലും ഫണ്ട് വരാന്‍ കാലതാസമം നേരിടുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ടെന്നാണ് പറയുന്നത്. ചടങ്ങള്‍ മറികടന്ന് ഒന്നും ചെയ്യാനാകില്ലെന്ന അധികൃതരുടെ നിലപാട് എല്ലാ കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കണമെന്നാണ് ഡയറ്റ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."