ചുള്ളിക്കല്‍ കൊലപാതകം: പ്രതി ബാബുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി
മട്ടാഞ്ചേരി: ചുള്ളിക്കല്‍ മദര്‍ തെരേസ ജംങ്ഷനു സമീപം വാരിക്കകത്തു വീട്ടില്‍ മില്‍ട്ടന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മില്‍ട്ടന്റ മൂത്ത സഹോദരന്‍ ബാബു എന്ന വിന്‍സെന്റ് (54)നായാണ പൊലിസ് സംഘം തിരച്ചില്‍ നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബാബുവിനെ പൊലിസ് സംശയിച്ചിരുന്നുവെങ്കിലും പിന്നീടു വന്നസാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തില്‍ പൊലിസ് എത്തുകയായിരുന്നു.
മില്‍ട്ടന്‍ കൊല്ലപ്പെട്ടുവെന്നു പറയുന്ന ദിവസം ഇവരുടെ പിതാവിന്റെ സഹോദരന് അടുത്ത് ചെന്ന ബാബു മില്‍ട്ടന്‍ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. എന്നെ ജാമ്യം എടുക്കാന്‍ സഹായിക്കണമെന്നും ഇയാള്‍ ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒരാഴ്ചക്കുശേഷമാണ് മില്‍ട്ടന്റെ മൃതദേഹം കണ്ടെത്തുന്നത്. ബാബു ചിലരോട് ഇതേപ്പറ്റി ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ റെക്കോര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ മുങ്ങിയ ദിവസം മുതല്‍ പൊലിസ് ഇയാള്‍ക്കു പിന്നാലെയുണ്ടായെങ്കിലും പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ തലനാരിഴക്ക് ഇയാള്‍ രക്ഷപെടുകയായിരുന്നു.
പള്ളുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതി അയല്‍ ജില്ലയിലേക്ക് കടന്നിരിക്കാമെന്ന സാദ്ധ്യതയില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും പ്രതിയുടെ വിവരം കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട മില്‍ട്ടന്റെ ശരീരത്തില്‍ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. പ്രതി ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതും പൊലിസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്നും പൊലിസ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയോ തോപ്പുംപടി എസ്.ഐയോ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു. 9497987108, 9497980423 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."