കാലടി മേഖലയില്‍ ഗുണ്ടകളുടെ വിളയാട്ടം; ജനം ഭീതിയില്‍
കാലടി: കാലടിയിലും പരിസര പ്രദേശങ്ങളിലും കുറച്ച് നാളുകളായി തുടരുന്ന ഗുണ്ടാ സംഘങ്ങളുടെ തേര്‍വാഴ്ചയില്‍ ജനങ്ങള്‍ ഭീതിയില്‍. മലയാറ്റൂര്‍ നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളിലാണ് ഗുണ്ടാ സംഘങ്ങള്‍ വടിവാള്‍, പന്നിപ്പടക്കം തുടങ്ങിയ മാരകായുധങ്ങളുമായി അഴിഞ്ഞാടുന്നത്. ഇവരെ നിയന്ത്രിക്കാനാകാതെ പൊലിസ് നട്ടം തിരിയുകയാണ്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് കഴിഞ്ഞദിവസം കാലടി ടൗണിനും പൊലിസ് സ്റ്റേഷനും അര കിലോമീറ്റര്‍ ചുറ്റളവില്‍ പുത്തന്‍കാവ് റോഡില്‍ സനല്‍ എന്ന ചെറുപ്പക്കാരന് വെട്ടേറ്റിരുന്നു. സംസ്‌കൃത സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ഈ റോഡില്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ കേന്ദ്ര മാനവശേഷിവികസന സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡേ താമസിക്കുന്ന സമയത്തായിരുന്നു സംഭവം.
കാലടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള നാല്‍പതിലധികം ഗുണ്ടകളാണുള്ളത്. ഈ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലിസിനെ കൊണ്ട് സാധിച്ചിരുന്നില്ല. കാലടി പൊലിസ് സ്റ്റേഷനില്‍ സ്ഥിരമായി എസ്.ഐയും സി.ഐയും ഇല്ലാത്തത് ഇത്തരം സംഘങ്ങള്‍ ഈ മേഖലയില്‍ തഴച്ച് വളരാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞയാഴ്ച ഗുണ്ടാ സംഘങ്ങള്‍ മലയാറ്റൂരിലുള്ള ഒരു കല്യാണ വീട്ടില്‍ വച്ച് ഏറ്റുമുട്ടുകയും ഇതില്‍ ഒരാള്‍ക് കുത്തേല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പെട്ട പ്രതിയെ പിടികൂടി കൊണ്ട് വരുന്നതിനിടയില്‍ വെട്ടിച്ച് കടന്ന് കളഞ്ഞത് പോലീസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. കാലടി പൊലിസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം എസ്.ഐ മാരാണ് മാറിപ്പോയിട്ടുള്ളത്. ഇത്തരം സംഘങ്ങളെ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ സംഘടനകളുടെ പ്രാദേഷിക നേതാക്കളും രംഗത്ത് വരുന്നത് പൊലിസ് നടപടികള്‍ക് തടസമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."