നിയന്ത്രണംവിട്ട മിനിലോറി ഇടിച്ച് അധ്യാപിക മരിച്ചു
വൈപ്പിന്‍: അമിത വേഗതയില്‍ വന്ന ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപിക മരിച്ചു. രണ്ട് അധ്യാപകര്‍ക്ക് പരുക്കേറ്റു. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ അധ്യാപിക കുഴുപ്പിള്ളി ചിയേഴത്ത് ജോസിന്റെ ഭാര്യ മിനി ജോസ്(47)ആണ് മരിച്ചത്.
റീജ ജോര്‍ജ് പുളിക്കന്‍ (38), പറവൂര്‍ പെരുമ്പടന്ന മേച്ചേരി സ്മിത സൈമണ്‍(36)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് കുഴുപ്പിള്ളി പാലത്തിനു തെക്കായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ മിനി, സ്മിത എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും റീജയെ കുഴുപ്പിള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മിനി വൈകിട്ട് ഏഴുമണിയോടെ മരിച്ചു.
സ്മിതയുടെ തലക്കും റീജയുടെ മുഖത്തിനു മൂക്കിനുമാണ് പരുക്ക്. എസ്.എന്‍ ട്രാന്‍സ്പോര്‍ട്ട് എന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചത്. അമിത വേഗതയില്‍ എത്തി സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ പാഞ്ഞ ബസ് മുന്നിലുണ്ടായിരുന്ന മിനിലോറിയെ മറികടക്കുന്നതിനിടെ ലോറിയുടെ പിന്നിലെ മൂലയില്‍ ഇടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത പോസ്റ്റില്‍ ഇടിച്ച് തകര്‍ത്തു. ഇതിനു ശേഷവും മുന്നോട്ട് പോയ ലോറി നടന്ന പോവുകയായിരുന്ന അധ്യാപകരം ഇടിച്ചു വീഴ്ത്തിയശേഷം ഒരു പെട്ടി ഓട്ടോയില്‍ ചെന്നിടിച്ചാണ് നിന്നത്. ലോറി ഇടിച്ചതിന്റെ ആഘാതത്തില്‍ പെട്ടി ഓട്ടോ മറ്റൊരു പെട്ടി ഓട്ടോയിലിടിച്ചു. സംഭവമറിഞ്ഞ് മുനമ്പം എസ്.ഐ ജി അരുണിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. ബസും ലോറിയും കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളായ മനു, ജോ, മരിയ എന്നിവരാണ് മരിച്ച മിനിയുടെ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."