ദേശീയപാതയിലെ അനധികൃത പാര്‍ക്കിങ്; അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു
ചാവക്കാട്: ദേശീയപാതയില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാഷ്‌നല്‍ പെര്‍മിറ്റ് ലോറികളാണ് പാര്‍ക്ക് ലൈറ്റുകളോ മറ്റോ പ്രകാശിപ്പിക്കാതെ ദേശീയ പാതയിലെ ഓരങ്ങളില്‍ പാര്‍ക്കുചെയ്യുന്നത്. റോഡിലേക്ക് കയറിയും മറ്റും, നിറുത്തിയിടുന്ന ഇത്തരം വാഹനങ്ങളില്‍ പുറകില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഇടിച്ചാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇന്നലെ ഇത്തരത്തിലുള്ള ഒരു അപകടത്തില്‍ മിനിലോറി തകര്‍ന്നു.
ഇതില്‍ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂളിനടുത്ത് നിറുത്തിയിട്ടിരുന്ന ലോറിക്കു പുറകില്‍ മിനിലോറി ഇടിക്കുകയായിരുന്നു. പുറകിലെ ടയര്‍ പഞ്ചറായതിനെതുടര്‍ന്ന് ലോറി നിറുത്തിയിട്ടിരുന്നത്.
വീതികുറഞ്ഞ ഈ റോഡില്‍ ലോറി നിറുത്തിയിട്ട് വിശ്രമിക്കുന്ന നിരവധി ഡ്രൈവര്‍മാര്‍ ഉണ്ട് . ഇവര്‍ ആവശ്യമുള്ള സിഗ്‌നല്‍ ലൈറ്റുകളും മറ്റും പ്രകാശിപ്പിക്കാറില്ല. അണ്ടത്തോട് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഡ്രൈവര്‍ ഷെരീഫ് മരിക്കാന്‍ കാരണമായ അപകടവും നാഷനല്‍ പെര്‍മിറ്റ് ലോറി റോഡിലോട്ട് കയറ്റി നിറുത്തിയിട്ടിരുന്നതാണ്.
ബൈക്കില്‍ വന്നിരുന്ന ഷെരീഫ് ലോറി ശ്രദ്ധിക്കാതെ പുറകില്‍ ഇടിക്കുകയായിരുന്നു. അണ്ടത്തോട്, അശലാട്, എടക്കഴിയൂര്‍, തിരുവത്ര, മണത്തല, ഒരുമനയൂര്‍, തങ്ങള്‍പടി , മൂന്നാംകല്ല് തുടങ്ങിയ സ്ഥലങ്ങില്‍ ഇത്തരത്തില്‍ ചരക്കുലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യകാഴ്ചയാണ്. വാഹനങ്ങളില്‍ വെള്ള, മഞ്ഞ, ചുവപ്പ്, നിറങ്ങളിലുള്ള റിഫ്‌ളക്ക്ഷന്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കണമെന്ന നിയമം നിലവില്‍ ഉണ്ട്. പലരും ഇത് പാലിക്കുന്നില്ല.
രാത്രി കാലങ്ങളില്‍ റോഡരികിലുള്ള അനധിക്യത പാര്‍ക്കിങ് ഒഴിവാക്കി ഇത്തരം വാഹനങ്ങള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലോ പമ്പുകളിലോ നിര്‍ത്തിയിടുന്ന സാഹചര്യം ഉണ്ടാക്കിയാലെ വരുംകാലങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാനാവു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."