കാര്യം സാധിക്കുക' വഴിയോരത്തുതന്നെ
'
കുമ്പള: കുമ്പള ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാലയം അടഞ്ഞുതന്നെ. അതകൊണ്ടു തന്നെ ജില്ലയെ പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതു പലയിടത്തും തുടരുമ്പോഴാണ് കുമ്പള നഗരത്തിലെ ശൗചാലയം അടഞ്ഞു കിടക്കുന്നത്. നിലവിലുള്ള ശൗചാലയം അടച്ചിട്ടിട്ടും വര്‍ഷങ്ങളായി. ജനം പൊതു സ്ഥലത്തു കാര്യം സാധിക്കുമ്പോഴും പഴയ ശൗചാലയം തുറക്കാനോ പുതിയതു നിര്‍മിക്കാനോ അധികൃതര്‍ തയാറായിട്ടില്ല.
തുറസായ സ്ഥലത്ത് മല മൂത്ര വിസര്‍ജന രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ ശുചിമുറികളുടെ പൂര്‍ത്തീകരണം 30നു മുന്‍പ് ഉറപ്പാക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പഞ്ചായത്ത് അധികാരികളോട് ഈ മാസം 18നു നിര്‍ദേശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും എഞ്ചിനിയര്‍മാരും ശുചിത്വ മിഷന്‍ പ്രതിനിധികളും ഒരുമിച്ച് ഇതിനു വേണ്ടി ശ്രമിക്കണമെന്നായിരുന്നു നിര്‍ദേശം. നിലവില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മറ്റു പഞ്ചായത്തുകളില്‍ 50 ശതമാനത്തില്‍ താഴെ പ്രവൃത്തി കഴിഞ്ഞിട്ടുണ്ടെങ്കിലും കുമ്പളയില്‍ ഇതുവരെ ശുചിമുറി നിര്‍മാണം തുടങ്ങിയിട്ടില്ല. ദിവസേന കുമ്പളയിലെത്തുന്ന ആയിരക്കണക്കിനുപേര്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്നു നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
കുമ്പള ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലും ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റോഡിലുമായിരുന്നു ടൗണിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറികള്‍ ഉണ്ടായിരുന്നത്. ഇതില്‍ സ്‌കൂള്‍ റോഡിലെ ശുചിമുറി ഉപയോഗ്യശൂന്യമായതോടെ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റുകയായിരുന്നു.
പിന്നീട് ജനങ്ങളുടെ ഏകയാശ്രയം കുമ്പള ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ ശുചിമുറിയായിരുന്നു. ഈ ശുചി മുറി അടച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ലാബ് അടര്‍ന്ന് വീണ് അപകടം പതിവായതോടെയാണ് ഈ ശുചിമുറികള്‍ അടച്ചിട്ടത്.
വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പുതുതായി ശുചിമുറികള്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ കുമ്പള പഞ്ചായത്ത് ഇതില്‍ ഉള്‍പ്പെടില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."