വാരിവിഴുങ്ങരുത് മാരകരോഗങ്ങള്‍
ഹോട്ടല്‍ ഭക്ഷണം മലയാളിയുടെ ശീലമായിട്ട് കാലമേറെയായി. 'ഇന്ന് ഭക്ഷണം ഹോട്ടലില്‍ നിന്നാകാം' മാസത്തില്‍ ഒരു തവണയെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത കുടുംബങ്ങള്‍ വിരളമായിരിക്കും.
വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ പോലും തൊട്ടടുത്ത ഹോട്ടലിലേക്കു വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുന്നതിലാണ് പലര്‍ക്കും ഇന്ന് അഭിമാനം. ദിവസവും ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രാത്രിഭക്ഷണമായി ഹോട്ടലില്‍നിന്നു പാഴ്‌സല്‍ വാങ്ങിപ്പോകുന്നവരും ധാരാളം. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ആഘോഷത്തിനും ഹോട്ടല്‍ ഭക്ഷണം പതിവാക്കി, തീന്‍മേശകള്‍ ഹോട്ടലുകളിലേക്ക് ഷിഫ്റ്റ് ചെയ്തവര്‍ അറിയുന്നില്ല..വിലകൊടുത്തുവാങ്ങുന്നത് മാരക രോഗങ്ങളാണെന്ന്.
ശുചിത്വം പുറംമോടിയില്‍ മാത്രം
പല ഹോട്ടലുകളും പുറംകാഴ്ചയില്‍ പ്രൗഢമാണെങ്കിലും അടുക്കളയുടെ കാര്യം മഹാകഷ്ടമായിരിക്കും. വൃത്തിഹീനവും വിഷമയവുമായ ചുറ്റുപാടിലാണ് ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 4762 ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ അംഗീകാരമുള്ളത് 1771 ഹോട്ടലുകള്‍ക്ക് മാത്രമാണ്. ശുചിത്വ സര്‍ട്ടിഫിക്കറ്റുള്ളത് 2761 എണ്ണത്തിനും. 36507 റസ്റ്റോറന്റുകളാണ് സംസ്ഥാനത്താകെയുള്ളത്. ഇതില്‍ 14158 എണ്ണത്തിന് മാത്രമാണ് ശുചിത്വസര്‍ട്ടിഫിക്കറ്റുള്ളത്.
തട്ടുകടകളുടെ അവസ്ഥയും വിഭിന്നമല്ല. തട്ടുകടകളില്‍ 80 ശതമാനത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമില്ല. ആകെയുള്ള 11,033 തട്ടുകടകളില്‍ 2,255 എണ്ണത്തിനേ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരമുള്ളൂ. തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളിലാണ് അംഗീകാരമില്ലാത്ത തട്ടുകടകള്‍ ഏറ്റവും കൂടുതലുള്ളത്. 19.5 ശതമാനം തട്ടുകടകള്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള കടകള്‍ 11.27 ശതമാനം മാത്രമാണ്.
നിയമങ്ങള്‍ പാലിക്കാനുള്ളതല്ല
നിയമങ്ങള്‍ പലതുമുണ്ടെങ്കിലും സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ അതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വാസ്തവം. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നിര്‍ദേശമുണ്ട്. ശുചിത്വസര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആറുമാസത്തിലൊരിക്കല്‍ അംഗീകാരമുള്ള അനലിറ്റിക്കല്‍ ലാബില്‍ വെള്ളം പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും പരിശോധനാ ഫലം കടകളില്‍ പരസ്യമായി
പ്രദര്‍ശിപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഈ നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തിയാണ് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയില്‍ കോളറ പടര്‍ന്നുപിടിച്ചത് കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍ നിന്നായി ദോശയും വടയും കഴിച്ചവര്‍ക്കാണെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. 15 പേര്‍ കോളറ ബാധിതരായി ചികിത്സ തേടിയതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തെ രണ്ടു ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
ഹോട്ടലുകള്‍ക്ക് ശുചിത്വസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കാര്യമായ പരിശോധനകളില്ലാതെയാണെന്നും വ്യാപക പരാതിയുണ്ട്. ജലപരിശോധന നടത്താതെയാണ് മിക്കയിടത്തും ശുചിത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന ലൈസന്‍സോട് കൂടി മാത്രമേ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ളവ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍ ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല.
ആശുപത്രികളുടെ എണ്ണം കൂടുന്നു; ഹോട്ടലുകളുടെയും...
നാട്ടിലുടനീളം കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന രണ്ട് സ്ഥാപനങ്ങളാണ് ഹോട്ടലുകളും ആശുപത്രികളും. ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആശുപത്രികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി ഉണ്ടായത് 15966 ഹോട്ടലുകളാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ച് വര്‍ഷത്തിനിടെ നാലായിരത്തോളം ഹോട്ടലുകളാണ് ഈ രണ്ടു ജില്ലകളില്‍ മാത്രം പുതുതായി ഉണ്ടായത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്കുള്ള മലയാളികളുടെ മാറ്റം തട്ടുകടകളുടെ വളര്‍ച്ചക്കും ആക്കം കൂട്ടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് വന്‍ വര്‍ധനവാണ് തട്ടുകടകളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത്രയധികം ഭക്ഷണശാലകളില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്.
ഈ മേഖലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും ഭീഷണിയുയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തിലധികം അന്യസംസ്ഥാനതൊഴിലാളികളാണെന്നാണ് കണക്ക്.
നിറം കണ്ട് മയങ്ങരുത്
ഹോട്ടല്‍ ഭക്ഷണത്തിലേയ്ക്ക് പലരെയും ആകര്‍ഷിക്കുന്നത് രുചി, മണം, കാഴ്ചയിലെ ഭംഗി തുടങ്ങിയവയൊക്കെയാണ്. ഇത്തരത്തില്‍ രുചിയും മണവും വര്‍ധിപ്പിക്കുവാന്‍ ചേര്‍ക്കുന്നതില്‍ പലതും കൃത്രിമ ചേരുവകളാണ്. കൃത്രിമ കളറുകള്‍, ടേസ്റ്റ് മേയ്‌ക്കേഴ്‌സ് തുടങ്ങിയവ. ഹോട്ടലുകളില്‍ ലഭിക്കുന്ന പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ഒരു തരത്തിലുള്ള നിറവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും ചുവപ്പും മഞ്ഞയും നിറം നല്‍കാന്‍ പല ഹോട്ടലുകാരും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാറുണ്ട്. ഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും നിറവുമൊക്കെ വര്‍ധിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ നിരന്തര ഉപയോഗം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. തലവേദന മുതല്‍ ആസ്തമ, അലര്‍ജി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിറ്റാമിന്‍ കുറവ്, സ്‌ട്രോക്ക് തുടങ്ങി കാന്‍സറിനുവരെ കാരണമാകുന്നു.
...................................................................................................................................................................
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
. കഴിയുന്നതും വീട്ടില്‍ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കുക
. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഗുണനിലവാരമുള്ള ഭക്ഷണ ശാലകള്‍ തിരഞ്ഞെടുക്കുക
. വൃത്തിയും തിരക്കുമുള്ള ഹോട്ടലുകള്‍ക്ക് മുന്‍ഗണന നല്‍കാം
. രുചി വ്യത്യാസമോ ഭക്ഷണ വസ്തുക്കളിലെ പഴക്കമോ അനുഭവപ്പെട്ടാല്‍ എത്ര വില കൊടുത്ത് വാങ്ങിയതായാലും ഒഴിവാക്കുക.
. കുടിക്കുന്ന വെള്ളം തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തുക.
. മുറിച്ചുവച്ചതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങാതിരിക്കുക.
. പഞ്ചസാരയും കൊഴുപ്പും ഉപ്പും കുറഞ്ഞ വിഭവങ്ങള്‍ തിരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."