ആധാരം സ്വയം എഴുതാമെന്ന ഉത്തരവ് പിന്‍വലിച്ചേക്കും
തിരുവനന്തപുരം: ഏറെ വിവാദമായ ആധാരം സ്വയം എഴുതാമെന്ന ഉത്തരവു പിന്‍വലിക്കാന്‍ സാധ്യത തെളിയുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ പഠനത്തിനായി കമ്മിഷനെ ചുമതലപ്പെടുത്തുമെന്നു വകുപ്പു മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ രക്ഷാധികാരി കൂടിയായ അഡ്വ. ബി.സത്യന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധാരമെഴുത്തു തൊഴിലാളികളുടെ സംഘടനകളുടെ രണ്ടു പ്രതിനിധികളേയും രണ്ട് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയുള്ള കമ്മിഷനെയാണ് നിയമിക്കുക.
സ്വന്തം നിലയില്‍ ആധാരം എഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മുദ്രപത്രത്തിന്റെ നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാല്‍ ആധാരമെഴുത്ത് ഫീസ് ജനങ്ങള്‍ക്കു താങ്ങാനാകില്ലെന്നു പറഞ്ഞാണു കഴിഞ്ഞ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. സ്വന്തമായി ആധാരമെഴുതാമെന്ന സൗകര്യം ജനങ്ങള്‍ക്ക് ഉപയോഗപ്രദമെന്നു ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന വാദഗതിയും ഉയര്‍ന്നിരുന്നു.
ആധാരമെഴുത്തില്‍ ഉപയോഗിച്ചുവരുന്ന സങ്കീര്‍ണമായ നിരവധി വാക്കുകളും പ്രയോഗങ്ങളും പലര്‍ക്കും അപ്രാപ്യമാണ്. നിലവിലുള്ള സിവില്‍ നിയമ വ്യവസ്ഥകളില്‍ കാതലായ മാറ്റവും ഭേദഗതികളും നടപ്പാക്കാതെയാണു പുതിയ നിയമം കൊണ്ടുവന്നത്. സ്വന്തമായി ആധാരം എഴുതുന്നവര്‍ക്കു കുറച്ചുനാളുകള്‍ കഴിയുമ്പോഴെ തങ്ങളുടെ പക്കലുള്ള രേഖകളുടെ അവകാശശോഷണത്തെ സംബന്ധിച്ചു വ്യക്തമായ അറിവു ലഭിക്കൂ. പിഴയാധാരങ്ങളും കള്ള പ്രമാണങ്ങളും വ്യാപകമായി ചമയ്ക്കപ്പെടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ആയിരക്കണക്കിനു ആധാരമെഴുത്തുകാര്‍ പെരുവഴിയിലാകുമെന്ന ഘട്ടത്തിലാണ് കമ്മിഷനെ നിയമിക്കാന്‍ മന്ത്രി തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."