ആഭരണനിര്‍മാണശാലാ കെട്ടിടത്തില്‍ ജോലിക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു
പള്ളിക്കല്‍: പരിസരമലിനീകരണ പ്രശനമുന്നയിച്ച് നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷത്തോളമായി ജനകീയസമരം നടക്കുന്ന കാക്കഞ്ചേരിയിലെ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മാണശാലയിലേക്ക് ജോലിക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.
നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ പ്രധാനകവാടത്തിനടുത്താണ് പന്തല്‍ കെട്ടി ജനകീയസമരം നടക്കുന്നത്. സമരക്കാരറിയാതെ കിന്‍ഫ്രയുടെ പ്രധാനകവാടത്തിലൂടെ പ്രവേശിച്ച് കെട്ടിടത്തിന്റെ പിന്‍വശത്തുകൂടിയാണ് ജോലിക്കാര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്. നാലുവാഹനങ്ങളിലായി മുപ്പതോളം പേരാണ് ജോലിക്കെത്തിയിരുന്നത്. ആഭണ നിര്‍മാണശാലക്കുള്ളില്‍ ജോലിക്കാര്‍ എത്തിയതറിഞ്ഞ് സമരക്കാരും നാട്ടുകാരും സംഘടിച്ചെത്തി ജോലിക്കാര്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കിക്കൊടുത്ത കിന്‍ഫ്രയുടെ കവാടം അടച്ചു നാട്ടുകാര്‍ ഉപരോധം സൃഷ്ടിക്കുകയായിരുന്നു.
പ്രവേശനകവാടത്തില്‍ ഉപരോധം സൃഷ്ടിച്ചതിനാല്‍ കിന്‍ഫ്രയുടെ അകത്തേക്കും പുറത്തേക്കും വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കടന്നുപോകാന്‍ കഴിയാഞ്ഞത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. കിന്‍ഫ്ര അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് തിരൂരങ്ങാടി എസ്.ഐ കെ വിശ്വനാഥന്‍, തേഞ്ഞിപ്പലം എസ്.ഐ അസീസ്, എ.എസ്.ഐ അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊലിസ്‌സംഘം സമരക്കാരോട് പിരിഞ്ഞു പോകാനാവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയാറായില്ല.
കെട്ടിടത്തിലെ ജോലി നിര്‍ത്തിവയ്ക്കാതെ പിന്‍മാറില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാര്‍. ഇതോടെ സമരക്കാരുടെ നേതൃത്വവുമായും ഫാക്ടറി അധികൃതരുമായും പൊലിസ് ചര്‍ച്ച നടത്തി തല്‍ക്കാലം ജോലി നിര്‍ത്തി വയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. പൊലിസ് സംരക്ഷണത്തില്‍ ജോലിക്കെത്തിയവര്‍ വാഹനങ്ങളില്‍ പുറത്ത് പോയതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."