ഹര്‍ത്താല്‍: ഒറ്റപ്പെട്ട അക്രമം; ധനമന്ത്രിയെ സമരാനുകൂലികള്‍ തടഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. ധനമന്ത്രി തോമസ് ഐസകിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. ബേക്കറി ജങ്ഷനിലൂടെ മന്ത്രിയുടെ വാഹനം വരുന്നതുകണ്ട ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പൊലിസ് ഇടപെട്ട് വാഹനം വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു.
ചിലയിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. തമ്പാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ കാറ്റഴിച്ചുവിട്ടു. നേരത്തെ കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടാവുകയും പലയിടത്തും ബസുകള്‍ തടയുകയും യാത്രക്കാരെ വഴിയിലിറക്കിവിടുകയും ചെയ്തിരുന്നു. സ്റ്റാച്യുജങ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എ.ടി.എം കൗണ്ടറുകള്‍ അടപ്പിച്ചു. സുരക്ഷാ ജീവനക്കാരനു നേരെ കൈയേറ്റശ്രമമുണ്ടായി. സെക്രട്ടേറിയറ്റിനു മുന്നിലെ കടകള്‍ അടപ്പിച്ചു. ഫ്‌ളെക്‌സുകളും തകര്‍ത്തു. പെട്രോള്‍പമ്പ് അടപ്പിക്കാനും ശ്രമമുണ്ടായി. നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളേയും സ്വകാര്യവാഹനങ്ങളേയും ഇരുചക്ര വാഹനങ്ങളേയും ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും തടഞ്ഞു. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. ഇതേതുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയവര്‍ക്ക് പൊലിസ് വാഹനസൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തി. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. സ്‌കൂളുകളും കോളജും പ്രവര്‍ത്തിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."