മഷികൊണ്ട് തടയാനാകുമോ വന്യമൃഗങ്ങളെ? സഭയില്‍ ചിരിപടര്‍ത്തി സ്വരാജിന്റെ മഷിപ്രയോഗം
തിരുവനന്തപുരം: സ്വാശ്രയ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുണ്ടായ മഷികുപ്പി വിവാദം നിയമസഭയില്‍ പരാമര്‍ശിച്ച് എം.സ്വരാജ്.
ചോദ്യോത്തരവേളയില്‍ വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കു വനംമന്ത്രി കെ.രാജു മറുപടി പറയുന്നതിനിടേ ആയിരുന്നു സ്വരാജിന്റെ പരാമര്‍ശം.
വനത്തില്‍നിന്നും കൃഷിഭൂമിയിലേക്കു കടന്നുവരുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചു നമ്മളിപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന ആമുഖത്തോടെയാണു സ്വരാജ് ചോദ്യം ആരംഭിച്ചത്.
ഇപ്പോള്‍ ചില സമരമുഖങ്ങളില്‍ നൂതനമായ ചില സമരമുറകള്‍ പരീക്ഷിക്കുന്നതായി കാണുന്നുണ്ട്. ചുവന്ന മഷിയൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്. അതുപോലെ വന്യമൃഗങ്ങളെ പച്ചമഷി ഉപയോഗിച്ച് എന്തെങ്കിലും പുതിയ പ്രതിരോധസംവിധാനത്തില്‍ വനത്തില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ച് പരിശോധിക്കുമോ എന്നാണ് അറിയേണ്ടത് എന്നായിരുന്നു സ്വരാജിന്റെ പരിഹാസത്തോടെയുള്ള ചോദ്യം. ചോദ്യത്തിനു പിന്നാലെ കൂട്ടച്ചിരി ഭരണപക്ഷത്തുനിന്നും ഉയര്‍ന്നു. മഷിപ്രയോഗം യഥാര്‍ഥത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ വന്യജീവികള്‍ക്കു വനത്തിനുള്ളില്‍ തന്നെ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജു മറുപടി നല്‍കി.
കൃഷിനാശം വരുത്തുന്ന കുരങ്ങുകളെ നിയന്ത്രിക്കുന്നതിനു സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു ഭരണപക്ഷത്തെ ചിറ്റയം ഗോപകുമാര്‍ സഭയില്‍ ചോദ്യമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."