യൂത്ത് കോണ്‍ഗ്രസ് സമരം മാനേജ്‌മെന്റുകളുടെ താല്‍പര്യം സംരക്ഷിക്കാന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴ വാങ്ങാനുള്ള അവസരം ഇല്ലാതായതില്‍ അസ്വസ്ഥതയുള്ള ചില സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഷ്ടംപോലെ കോഴ വാങ്ങാനുള്ള സൗകര്യം യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തിരുന്നെന്നും ഇപ്പോള്‍ അതിനു സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രഖ്യാപിച്ച ഫീസിനു പുറമെ ഒരു തരത്തിലും ഒരുരൂപ പോലും വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മുന്‍പ് കോഴ വാങ്ങി ധാരാളം പണം സമ്പാദിച്ചിരുന്നവര്‍ക്ക് ഇതില്‍ അസ്വസ്ഥതയുണ്ടാകും. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും എന്തിനാണ് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോടതി നിര്‍ദേശമനുസരിച്ച് സെപ്റ്റംബര്‍ 30നകം അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 20 മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴി 350 സീറ്റുകള്‍ അധികം സര്‍ക്കാരിനു ലഭിച്ചു. യു.ഡി.എഫ് സര്‍ക്കാരിനു സാധിക്കാത്ത കാര്യമാണിത്. ഇപ്പോള്‍ മാനേജ്‌മെന്റ് ക്വാട്ടയടക്കം എല്ലാ സീറ്റിലും മെറിറ്റിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നല്‍കാനാവൂ. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പിന്നോക്ക സമുദായങ്ങളില്‍ പെട്ടവരുമായ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനാവും. അവരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഇതെങ്ങനെ കുറ്റകരമാകും?
നേരത്തെ ഒരുലക്ഷം രൂപ ഫീസ് വാങ്ങിയിരുന്നിടത്ത് ഇപ്പോള്‍ 25,000 രൂപയാണ് ഫീസ്. പല പേരുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് കനത്ത തുക ഈടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ല. കരാര്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. യു.ഡി.എഫ് ഭരണകാലത്ത് മാനേജ്‌മെന്റുകള്‍ കരാറിന് ഒരു വിലയും കല്‍പിച്ചിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അവിടെ മാനേജ്‌മെന്റ് സീറ്റില്‍ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്.
യു.ഡി.എഫിന്റെ സമരത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിലുള്ള അസ്വസ്ഥതയാണ് അവര്‍ നിയമസഭയില്‍ പ്രകടിപ്പിക്കുന്നത്. സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടും അവര്‍ സഭാനടപടികള്‍ അലങ്കോലപ്പെടുത്തി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സഭയില്‍ ചര്‍ച്ചയ്ക്കു വരരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."