സ്വാശ്രയം മുതലെടുത്ത് യു.ഡി.എഫ്; പ്രതിരോധവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ ഫീസ് വര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെ വിഷയത്തില്‍ പുതിയ പോര്‍ക്കളം തുറന്നു.
സ്വാശ്രയ പ്രശ്‌നം യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതോടെ പ്രതിരോധവുമായി സര്‍ക്കാരും എല്‍.ഡി.എഫും കളത്തിലിറങ്ങി. നിയമസഭയ്ക്ക് അകത്തുംപുറത്തും ഒരുപോലെ സമരം നടത്താനാണു യു.ഡി.എഫിന്റെ തീരുമാനം. ഇതിനു മുന്നോടിയായാണ് ഇന്നലെ രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചത്. ഇതിനെതിരേയുള്ള ഭരണപക്ഷത്തിന്റെ വാദങ്ങള്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു. മൂന്ന് യു.ഡി.എഫ് എം.എല്‍.എമാരുടെ അനിശ്ചിതകാല നിരാഹാര സമരവും രണ്ടുപേരുടെ അനുഭാവ സത്യഗ്രഹവുമായി പ്രതിപക്ഷം സമരം ശക്തമാക്കിയതാണ് സര്‍ക്കാരിനെ പൊടുന്നനെ പ്രതിരോധത്തിനു പ്രേരിപ്പിച്ചത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനായി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാക്കിയതും പ്രവേശനത്തിനു വന്‍ തുക ഫീസ് ഏര്‍പ്പെടുത്തിയതും മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ നിലപാടുകളാണെന്നാണു സര്‍ക്കാരിന്റെ തിരിച്ചടി.
ഇതിനുപുറമേ, വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ പൊലിസുമായി നിരന്തരം ഏറ്റുമുട്ടിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനകള്‍ കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരങ്ങളെ നാടകമായി ചിത്രീകരിച്ചു രംഗത്തുവന്നിട്ടുണ്ട്. സ്വാശ്രയപ്രശ്‌നം സാമൂഹ്യ മാധ്യമങ്ങളില്‍വരെ സജീവമാക്കാന്‍ ഭരണപക്ഷ അനുകൂല സംഘടനകള്‍ തയാറായി.
കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നതു ആദ്യമായാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ചു രാഷ്ട്രിയ ലാഭത്തിനായി യു.ഡി.എഫ് സമരം നടത്തുന്നുവെന്നാണു സര്‍ക്കാരിന്റെ പൊതുവായ വിലയിരുത്തല്‍. ഫീസിലുണ്ടായത് നേരിയ വര്‍ധനവാണെന്നും കുറഞ്ഞഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചതിനാല്‍ ധാര്‍മികമായി പ്രകടമാവുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നു പറയുന്ന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിനാല്‍ പിന്നോട്ടില്ലെന്ന തീരുമാനത്തിലുമാണ്.
സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരുമ്പോള്‍ സ്വാശ്രയത്തില്‍ ഉയര്‍ത്തെണീറ്റ യു.ഡി.എഫ് പോര്‍ക്കളം തീര്‍ത്ത് അവസാന പോരാട്ടത്തിനൊരുങ്ങി. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സമരം ആദ്യം കാര്യമാക്കാതിരുന്ന സര്‍ക്കാരും എല്‍.ഡി.എഫും അവസാന പ്രതിരോധത്തിനു തയാറെടുത്ത കാഴ്ചയാണു കഴിഞ്ഞദിവസം കണ്ടത്.
കോഴവാങ്ങാന്‍ കോളജുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതു യു.ഡി.എഫ് സര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇതിന്റെ ഭാഗമാണ്.
ഫീസ് വര്‍ധിപ്പിച്ച നടപടി മറ്റാരെയോ സഹായിക്കാനാണെന്നാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം.
സ്വാശ്രയ കോളജുകളില്‍ നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ സംവിധാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ ഫീസ് വര്‍ധിപ്പിച്ചത് അവര്‍ പോലും ആവശ്യപ്പെടാതെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ വാദപ്രതിവാദങ്ങളുമായി ഇരുകൂട്ടരും ഏറ്റുമുട്ടല്‍ തുടരവേ സ്വാശ്രയപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."