കുറ്റവും ശിക്ഷയും: സംശയം രക്ഷയ്‌ക്കെത്തുമ്പോള്‍
ഒരാള്‍ മറ്റൊരാളെ കുളത്തിലേക്കോ പുഴയിലേക്കോ തള്ളിയിടുന്നു. നീന്താന്‍ അറിയുന്ന ഈ വ്യക്തി വാശികൊണ്ടോ, ഭയംകൊണ്ട് അവിചാരിതമായി വീശിയ കാറ്റ് കാരണമോ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചതുമില്ല. ഒരാള്‍ മറ്റൊരാളെ മരം കയറാന്‍ നിര്‍ബന്ധിച്ചു. അയാള്‍ മരത്തില്‍നിന്നും വഴുതിവീണ് മരണപ്പെട്ടു.
മറ്റൊരാള്‍ വിഷം കലര്‍ത്തിയ ഭക്ഷണം അപരനെ സല്‍കരിക്കുകയോ വിഷം കലര്‍ത്തി വയ്ക്കുകയോ ചെയ്യുന്നു. ഇര വിവേചനശക്തിയുള്ളവനായിരിക്കെ അറിയാതെ ഈ ഭക്ഷണം കഴിക്കുന്നു. ഇത്തരം കേസുകളില്‍ ഈ പ്രതികളെ കോടതി എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അയാളെ ഇരയെപോലെ വെള്ളത്തിലേക്ക് തള്ളിയിട്ടോ മരത്തില്‍ കയറ്റിയോ വിഷം നല്‍കിയോ വധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി (ഫത്ഹുല്‍ മുഈന്‍ നോക്കുക).
വധശിക്ഷ നല്‍കണമെങ്കില്‍ ബോധപൂര്‍വമായ അതിക്രമം സംഭവിക്കേണ്ടതുണ്ട്. സാങ്കേതികമായി ഈ പറഞ്ഞതൊന്നും മനപൂര്‍വമുള്ള വധത്തിന്റെ പരിധിയില്‍ വരുന്നില്ല. പകരം പ്രതിക്രിയ നിര്‍ബന്ധമില്ലാത്ത മനപൂര്‍വ സാദൃശ്യമായതിലേ പെടുകയുള്ളൂ. ഇനി അത് അബദ്ധത്തില്‍ സംഭവിക്കുന്നതിനും പ്രതിക്രിയ നിയമത്തിലില്ല. ഇപ്പറഞ്ഞതിന്റെ വിവക്ഷ കുറ്റവാളി പരലോകത്ത് ശിക്ഷിക്കപ്പെടില്ല എന്നൊന്നുമല്ല. കോടതിക്ക് ചെയ്യാനുള്ളത് ഇത്തരം കേസുകളില്‍ പ്രതിക്കെതിരേ നഷ്ടപരിഹാരം (ദിയത് ) ചുമത്തുകയെന്നത് മാത്രമാണ്. ഇത്തരം വിധികള്‍ ഹറാമിനെ ഹലാലോ, ഹലാലിനെ ഹറാമോ ആക്കിത്തീര്‍ക്കുകയില്ല എന്നത് മറ്റൊരു വശം. ഒരാള്‍ തന്റെ ഭാര്യയെ മൊഴിചൊല്ലി. പക്ഷെ അതിന് സാക്ഷികളില്ല. അതുകൊണ്ട് തന്നെ പ്രശ്‌നം കോടതിയുടെ മുമ്പില്‍ എത്തുകയുമില്ല. അതിന്റെയര്‍ഥം പ്രസ്തുത ഭാര്യയെ ഇനിയും കൂടെ നിര്‍ത്താമെന്നല്ല.
പരിഗണനയില്‍ വന്ന തെളിവുകള്‍ അടിസ്ഥാനമാക്കി നമ്മുടേതാണെന്ന് കോടതി വിധിച്ചാല്‍ പോലും നമുക്കത് ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല. ബാഹ്യവിധികള്‍ യാഥാര്‍ഥ്യത്തെ തിരുത്തുകയില്ലെന്നു ചുരുക്കം. കുറ്റകൃത്യത്തെ കുറിച്ചുള്ള സംശയത്തിന്റെ ആനുകൂല്യത്തില്‍ പല കേസുകളും കോടതി തള്ളുന്നതിന് ഉദാഹരണമാണ് നാം ഇവിടെ ഉദ്ധരിച്ചതെല്ലാം. തെളിവുകള്‍ നിശിതമായി പഠനം നടത്തുകയേ ശരീഅത്ത് കോടതി അടക്കമുള്ള നിയമസംവിധാനങ്ങള്‍ക്ക് നിവൃത്തിയുള്ളൂ. പക്ഷെ, ശരീഅത്ത് കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാര തുകകള്‍ ഇരകളുടെ അവകാശികള്‍ക്കുള്ളതായിരിക്കും. സര്‍ക്കാരിനുള്ളതല്ല. ബോധപൂര്‍വമല്ലാതെ ഒരാളെ വധിച്ചാല്‍ നൂറു ഒട്ടകമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക. നാം നേരത്തെ സൂചിപ്പിച്ച കേസുകളിലൊക്കെ അതാണ് വിധിക്കുക.
കുറ്റകൃത്യങ്ങള്‍ സംശയരഹിതമായി തെളിയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികളെ രക്ഷപ്പെടാന്‍ ഇടവരുത്തുന്നു. സംഭവങ്ങള്‍ നമ്മുടെ കോടതികളിലും നിരവധിയാണ്. ജഡ്ജിമാരുടെ അങ്ങേയറ്റത്തെ ജാഗ്രത ഇത്തരം ഘട്ടങ്ങളില്‍ പ്രധാന ഘടകമായിരിക്കും. അല്ലാമാ ഇബ്‌നുകസീര്‍ തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: ഒരു സ്ത്രീയെ ചിലര്‍ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ചു. അവള്‍ വഴങ്ങിയില്ല. ഇതിന്റെ പ്രതികാരമെന്നോണം അവര്‍ ഗൂഢാലോചന നടത്തി ഇങ്ങനെ പരാതി നല്‍കി. ഇവള്‍ ഒരു നായയുമായി ലൈംഗിക വേഴ്ച നടത്തുന്നത് ഞങ്ങള്‍ കണ്ടുവെന്ന്. ബുദ്ധിമാനായ ജഡ്ജി അന്വോന്യം ബന്ധപ്പെടാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തിയ ശേഷം ചോദിച്ചു: നിങ്ങള്‍ കണ്ട നായയുടെ നിറമേതാണ് അന്നേരം പലരും പല നിറങ്ങള്‍ പറയാന്‍ തുടങ്ങി. ജഡ്ജി അവര്‍ക്ക് വധശിക്ഷ വിധിച്ചുവെന്നാണ് കഥ. ഇത്തരം തന്ത്രങ്ങള്‍ നമ്മുടെ പൊലിസുകാരും മറ്റും പലപ്പോഴും പയറ്റാറുള്ളതാണല്ലോ.
മൊഴികള്‍ക്കിടയിലെ വൈരുധ്യം ജഡ്ജിമാരെ ഏറ്റവും അസ്വസ്ഥമാക്കുന്ന പ്രശ്‌നം തന്നെയാണ്. ഒരാളെ ജഡ്ജിയായി അവരോധിക്കപ്പെടുമ്പോള്‍ അയാള്‍ കത്തിയില്ലാതെ അറുക്കപ്പെട്ടവനായി എന്ന മഹല്‍വാക്യം ഓര്‍ക്കുക. ഇമാം അബൂഹനീഫയെ പോലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ജഡ്ജി സ്ഥാനം തിരസ്‌കരിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച സംഭവം ഏറെ പ്രസിദ്ധമാണല്ലോ. മനസാക്ഷിയും ബാഹ്യതെളിവുകളും ഏറ്റുമുട്ടുന്ന രംഗങ്ങള്‍ നിരവധി നേരിടേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. ഘാതകനു മാപ്പ് നല്‍കാനുള്ള അവകാശം ശരീഅത്തിന്റെ വീക്ഷണത്തില്‍ ഇരകളുടെ അവകാശികളില്‍ മാത്രം നിക്ഷിപ്തമായിരിക്കും.
പത്തു മക്കളുള്ള ഒരു പിതാവ് വധിക്കപ്പെട്ടു. ഒരാള്‍ മാത്രം ഘാതകനു മാപ്പ് നല്‍കി. എന്നാല്‍ ഇനി നഷ്ടപരിഹാരം വാങ്ങാനേ നിവൃത്തിയുള്ളൂ. ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പലതും ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയതാണ്. ഇവയില്‍ പലേടത്തും ഇസ്‌ലാമിന്റെ സ്വാധീനം ദര്‍ശിക്കാവുന്നതാണ്. മുന്‍സിഫ്, വക്കീല്‍, വക്കാലത്ത് തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ ഈ സ്വാധീനത്തിന്റെ ഉദാഹരണങ്ങളായിരിക്കാം. കോടതികള്‍ ബാഹ്യ തെളിവുകള്‍ അവലംബിച്ചു മുന്നോട്ട് പോയാല്‍ മതിയെന്നതിന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഉദാഹരണങ്ങള്‍ കാണാം. അവരിലൊന്നാണ് ലിആന്‍. ഭര്‍ത്താവ് ഭാര്യക്കെതിരില്‍ വ്യഭിചാരാരോപണം ഉന്നയിക്കുന്നു. മറ്റു സാക്ഷികളൊന്നുമില്ലതാനും. സാധാരണ ഗതിയില്‍ ഇതിന്റെ ശിക്ഷ 80 അടിയാണ്.
എന്നാല്‍ തന്റെ ആരോപണം സത്യമാണെന്ന് ഇയാള്‍ നാലു തവണ ആവര്‍ത്തിക്കുകയും താന്‍ കള്ളമാണ് പറയുന്നതെങ്കില്‍ അല്ലാഹുവിന്റെ ശാപം എനിക്കുണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ ആരോപണത്തിന്റെ ഭൗതിക ശിക്ഷയില്‍നിന്നും ഭര്‍ത്താവിന് രക്ഷപ്പെടാം. അതനുസരിച്ച് ഭാര്യയെ എറിഞ്ഞു കൊല്ലണമെന്നു വരുന്നു. എന്നാല്‍ അവളും മേല്‍പറഞ്ഞ വിധം സാക്ഷ്യം വഹിച്ചാല്‍ ഈ ശിക്ഷയില്‍നിന്നും അവള്‍ക്കും രക്ഷപ്പെടാം. ഇവിടെ രണ്ടിലൊരാള്‍ കള്ളം പറയുകയാണെന്നതില്‍ സംശയമേയില്ല.
പ്രവാചക തിരുമേനി കൈകാര്യം ചെയ്ത ഇത്തരം ഒരു കേസില്‍ ഭാര്യയുടെ പ്രസവം കൂടി കഴിഞ്ഞപ്പോള്‍ അവളാണ് വ്യാജം പറഞ്ഞതെന്നു ബോധ്യം വരികയുണ്ടായി. അന്നേരം നബിതിരുമേനി ഇങ്ങനെ പ്രഖ്യാപിച്ചു.'അല്ലാഹുവിന്റെ ഗ്രന്ഥം ഒരു നിലപാട് പ്രഖ്യാപിച്ചിരിക്കെ ഞാനവിടെ നില്‍ക്കുന്നു. അല്ലായിരുന്നെങ്കില്‍ കല്ലുകള്‍ ദൗത്യം ഏറ്റെടുക്കുമായിരുന്നു'. (എറിഞ്ഞുകൊല്ലുമായിരുന്നു) (ബുഖാരി). കോടതി ബാഹ്യനിയമം പരിഗണിച്ചാല്‍ മതിയെന്നര്‍ഥം.
മറ്റൊരു ഉദാഹരണം കൂടി പ്രവാചകരുടെ കാലത്ത് തന്നെ ഒരു പുരുഷന്‍ വ്യഭിചരിച്ചതായി കുറ്റസമ്മതം നടത്തിക്കൊണ്ട് അവിടത്തെ സന്നിധാനത്തിലെത്തി. അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. അതേ സമയം ഇദ്ദേഹം ബന്ധപ്പെട്ട സ്ത്രീയെക്കുറിച്ച് അന്വേഷണമേ നടന്നില്ല. കോടതിയില്‍ അവള്‍ക്കെതിരില്‍ പ്രാമാണികമായ തെളിവില്ലെന്നതായിരിക്കാം കാരണം. നിയമം നിയമത്തിന്റെ വഴിക്കു എന്നാണല്ലോ പ്രമാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."