സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് പുറത്തായ അധ്യാപകരുടെ പുനര്‍വിന്യാസം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2016-17 വര്‍ഷത്തില്‍ സ്‌കൂളുകളില്‍ തസ്തിക നിര്‍ണയം നടത്തുന്നതിനു മുന്നോടിയായാണ് 2015-16 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് ഇപ്പോള്‍ നടക്കുന്ന തസ്തിക നിര്‍ണയം നിര്‍ത്തിവെക്കാന്‍ ഗവ. സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2016-17 വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ തസ്തിക നിര്‍ണയം വേണ്ടതില്ലെന്നും കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയം തുടരണമെന്നും 2016 ഓഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് എയ്ഡഡ് മാനേജുമെന്റുകളും അധ്യാപകരും നിരവധി റിട്ട് ഹരജികള്‍ ഫയല്‍ ചെയ്തിരുന്നു.
ഇതിനെ പലഘട്ടങ്ങളിലും ചോദ്യം ചെയ്ത കോടതി ഇതു സംബന്ധിച്ച് ഒക്ടോബര്‍ 18ന് വിധി പറയാനിരിക്കേയാണ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അടിയന്തിര ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ 2016-17 വര്‍ഷത്തെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തില്‍ സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ഥികളുടെ യു.ഐ.ടിയുമായി ഒത്തുനോക്കി ശെരിയാണെന്ന്് ഉറപ്പാക്കണം.
ഈ പ്രവൃത്തി രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗവണ്‍മെന്റ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണം.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സ്‌കൂളുകളില്‍ നിന്ന് എ.ഇ.ഒ, ഡി.ഇ.ഒ മുഖാന്തരം ശേഖരിച്ചുനല്‍കാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015-2016 വര്‍ഷത്തില്‍ തസ്തിക നിര്‍ണയത്തെതുടര്‍ന്ന് പുറത്തായ സംരക്ഷിത അധ്യാപകരെ, 2016-17 യു.ഐ.ഡി പ്രകാരം അവരുടെ മാതൃ സ്‌കൂളുകളില്‍ ഈവര്‍ഷം പുതിയ തസ്തികക്ക് അര്‍ഹതയുണ്ടെങ്കില്‍ തിരിച്ചു വിളിക്കണം. ഇത്തരം അധ്യാപകര്‍ക്ക് മാതൃ സ്‌കൂളുകളില്‍നിന്നുതന്നെ ശമ്പളം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും ഗവ. സെക്രട്ടറിക്കുവേണ്ടി സ്‌പെഷല്‍ സെക്രട്ടറി ആര്‍ കുമാര്‍ ഇറക്കിയ അടിയന്തിര ഉത്തരവിലുണ്ട്.
സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം 2016 സെപ്റ്റംബര്‍ ഒമ്പതിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഏതാനും ജില്ലകളില്‍ മാത്രമാണ് ഇത്തരത്തില്‍ മുഴുവന്‍ സംരക്ഷിത അധ്യാപകരുടെയും പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."