സുബോധം പദ്ധതി പാളി; ബോധവല്‍ക്കരണ മിഷന്‍ രൂപീകരിക്കാന്‍ എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: ലഹരി ബോധവല്‍കരണം ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച സുബോധം പദ്ധതി പരാജയമെന്ന് വിലയിരുത്തല്‍. പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചില്ലെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. മദ്യത്തിന്റെ ആവശ്യകത കുറക്കുക, ദുരിത ലഘൂകരണം, ശാസ്ത്രീയമായ പഠനം എന്നിവക്ക് സുബോധം പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരുന്നെങ്കിലും ഇക്കാര്യങ്ങളില്‍ ഉദ്ദേശ്യലക്ഷ്യത്തിനനുസൃതമായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സുബോധത്തിനു പകരമായ ജനകീയ പങ്കാളിത്തത്തോടെ ബോധവല്‍കരണ മിഷന്‍ രൂപീകരിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, നാഷനല്‍ സര്‍വിസ് സ്‌കീം, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, വിദ്യാര്‍ഥി-യുവജന സംഘടനകള്‍, വിവിധ എന്‍.ജി.ഒകള്‍ എന്നിവരുടെ കൂട്ടായ്മയോടെ മിഷന്‍ പ്രവര്‍ത്തന സജ്ജമാക്കാനാണു ആലോചന.
സംസ്ഥാനത്തെ ലഹരിവിരുദ്ധ ക്യാംപയിനുകളുടെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെടന്‍ഡുല്‍ക്കറെ നിയോഗിക്കാനാണു എക്‌സൈസ് വകുപ്പിന്റെ തീരുമാനം. സ്‌കൂളുകളിലെ ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങളിലും സച്ചിനെ പങ്കാളിയാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം തീരെ കാര്യക്ഷമത കുറഞ്ഞതായിരുന്നുവെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു. ഈ സാഹചര്യത്തില്‍ വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ആദ്യ തീരുമാനം. വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരേ പൊതുജനങ്ങളില്‍നിന്നും വിവരം ശേഖരിക്കുന്നതിനായി എക്‌സൈസ് വകുപ്പിനു 155358 എന്ന ടോള്‍ ഫ്രീ കണക്ഷന്‍ ലഭ്യമാക്കും. ലൈസന്‍സ് ചെയ്ത സ്ഥാപനങ്ങളില്‍ ശുദ്ധമായ മദ്യം വില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തും.
ചെക്ക്‌പോസ്റ്റുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും എക്‌സൈസ് കമ്മിഷണറേറ്റില്‍ ആരംഭിച്ച ഇ-ഫയലിങ് സംവിധാനം താഴേതട്ടിലുള്ള ഓഫിസുകളിലേക്ക് വ്യാപിപ്പിക്കാനും സ്റ്റേറ്റ് എക്‌സൈസ് അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉത്തരമേഖല കേന്ദ്രീകരിച്ച് മൊബൈല്‍ ലാബ് ആരംഭിക്കും.എക്‌സൈസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു എന്‍.ഐ.സിയുടെ സഹായത്തോടെ വെബ് ബെയ്‌സ്ഡ് ക്രൈം മാനേജ്‌മെന്റ് സോഫ്ട്‌വെയര്‍ നിര്‍മിക്കും.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനും കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ലഭ്യമാക്കി കേസന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സംസ്ഥാന എക്‌സൈസ് വകുപ്പിനെക്കൂടി ടെലികോം നിയമത്തില്‍ നോട്ടിഫൈഡ് ഏജന്‍സിസായി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."