ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും: കലക്ടര്‍
കാസര്‍കോട്: നഗരസഭാ പരിധിയില്‍ ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുന്നതിന് ജില്ലാതല വിജിലന്‍സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ അധികൃതര്‍ക്കും നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റിയോഗത്തില്‍ ലഭിച്ച പരാതികള്‍ പരിഗണിച്ചാണു നടപടി.
അനധികൃതപെട്ടിക്കടകള്‍, നഗരത്തിലെ നടപ്പാത കൈയേറിയുള്ള അനധികൃത വില്പന തുടങ്ങിയവ പരിശോധിച്ചു നടപടിയെടുക്കും. ഫെഡറേഷന് ഓഫ് റസിഡന്‍സ് അസോസിയേഷന് ഓഫ് കാസര്‍കോടു നല്കിയ പരാതി പരിഗണിച്ചാണു നടപടി. നടപടി പൂര്‍ത്തീകരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണം. നടപടി പുരോഗതി ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡിവൈ.എസ്.പിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കണം. ചെമ്പരിക്ക പുഴ പുറമ്പോക്ക്, ബദിയടുക്ക നീര്ച്ചാല്, കുമ്പള പഞ്ചായത്ത് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളെ കുറിച്ചുള്ള പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്കി. വിജിലന്‍സ് ഡിവൈ.എസ്.പി കെ രഘുരാമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."