പരപ്പയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം; ജനം ആശങ്കയില്‍
പരപ്പ: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജില്‍ പെട്ട സര്‍വേ നമ്പര്‍ 401 എ യില്‍ പെട്ട 50 ഏക്കറോളം സ്ഥലത്തു കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം. ഇതേത്തുടര്‍ന്നു പ്രദേശവാസികള്‍ ആശങ്കയിലായി. ഏക്കറിനു 10 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ നല്‍കി റിയല്‍ എസ്റ്റേറ്റുകാര്‍ മുഖേന എട്ടു കുടുംബങ്ങളില്‍ നിന്നാണു വന്‍ ലോബി സ്ഥലം സ്വന്തമാക്കിയത്. ജില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ലോബിയാണു ഇതിനു പിന്നിലെന്നാണു പറയപ്പെടുന്നത്.
ഇവിടെ ക്വാറി ആരംഭിച്ചാല്‍ അതു വന്‍ പാരിസ്ഥിതികാഘാതത്തിനിടയാക്കും. കുടിവെള്ളത്തിനു ഏറെ പ്രയാസം നേരിടുന്ന കാരാട്ട്, ബിരിക്കുളം, കൊട്ടമടല്‍, പാമ്പങ്ങാനം, പ്ലാത്തടം, പന്നിത്തടം പ്രദേശങ്ങളിലെ നീരൊഴുക്കിന്റെ പ്രധാന ഉറവിടം ഈ പ്രദേശമാണ്. കാരാട്ട്-കൂളിപ്പാറ ജലനിധി പദ്ധതിയുടെ സ്രോതസും ഇവിടെയാണ്. കിനാനൂര്‍ സംരക്ഷിത വനമേഖലയും ഇതിനടുത്താണു സ്ഥിതി ചെയ്യുന്നത്. ഖനന നീക്കം ഈ മേഖലയിലെ ആവാസ വ്യവസ്ഥയേയും സാരമായി ബാധിക്കും.
സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി കാടുവെട്ടിത്തെളിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചു ക്വാറികള്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു പൂട്ടിയിരുന്നു. പുതുതായി ആരംഭിക്കുന്ന ക്വാറിക്കെതിരേ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണു നാട്ടുകാരുടെ തീരുമാനം.
മെഡിക്കല്‍ കോളജ് പെരിയയില്‍ സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മുഖ്യമന്ത്രി
കാഞ്ഞങ്ങാട്: പെരിയയിലെ കേന്ദ്ര സര്‍കലാശാലയോടനുബന്ധിച്ചു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ആവശ്യം പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് എം.എല്‍.എ ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 2013 ജനുവരി അഞ്ചിന് അന്നത്തെ കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി ഡോ. എം മംഗപതി പള്ളം രാജുവാണു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തത്.
പന്ത്രണ്ടാം പദ്ധതി രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ വിഭവസമാഹരണം ഉറപ്പു വരുത്തി മെഡിക്കല്‍ കോളജ് അന്വര്‍ഥമാക്കുമെന്ന് അന്നത്തെ യോഗത്തിന്റെ ഉദ്ഘാടകനായ മന്ത്രി പള്ളം രാജു പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷം പിന്നിട്ടിട്ടും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള 60 ഏക്കര്‍ ഭൂമി ഇതിനായി പതിച്ചു നല്‍കിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."