പോക്കറ്റ് റോഡ് യാത്രക്കാരെ തെറ്റിക്കുന്നു
ചെറുവത്തൂര്‍: ചീമേനിലേക്കുള്ള പോക്കറ്റ് റോഡ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈ ഇറക്കത്തിലാണ് ചീമേനിയിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. ദേശീയപാതയ്ക്കും ഈ പോക്കറ്റ് റോഡിനും ഒരേ വീതിയാണ്. ചീമേനി റോഡ് ദേശീയപാതയുടെ തുടര്ച്ചയാണെന്നേ തോന്നൂ. സ്ഥലങ്ങളെ കുറിച്ചു വ്യക്തമായ ധാരണയില്ലാതെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നു പയ്യന്നൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വഴി തെറ്റി ചീമേനി റോഡിലേക്കാണു കയറുന്നത്.
ഏറെ ദൂരം സഞ്ചരിച്ചുകഴിയുമ്പോഴാണു വഴി തെറ്റിയതായി യാത്രക്കാര്‍ക്കു മനസിലാവുക. പോക്കറ്റ് റോഡ് ആരംഭിക്കുന്നിടത്തു ദിശാഫലകങ്ങള്‍ സ്ഥാപിക്കാത്തതാണു പ്രധാന പ്രശ്നം. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ചീമേനി റോഡിലേക്കു പ്രവേശിച്ചാല്‍ നട്ടംതിരിയുക തന്നെ ചെയ്യും. ദേശീയപാതയിലെ സ്ഥിരം അപകട മേഖലകൂടിയാണു ഞാണങ്കൈ ഇറക്കം.
നിരവധി ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്. പാതയോരത്ത് ഒരു വഴിവിളക്ക് ഉണ്ടെങ്കിലും അതു കണ്ണടച്ചിട്ടു നാളുകള്‍ ഏറെയായി. കാല്‍നടയാത്രക്കാര്‍ക്കു കടന്നു പോകാന്‍ പറ്റാത്ത വിധം പാതയോരത്തു കാടുകളും വളര്‍ന്നു നില്ക്കുന്നു. അടിയന്തിരമായി ദിശാഫലകങ്ങള്‍ സ്ഥാപിക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.
തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ഞാണങ്കൈ ചീമേനി റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണ്. ഇരുചക്രമുച്ചക്ര വാഹനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
റോഡില്‍ മെക്കാഡം ടാറിങ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ റോഡില്‍ നാള്‍ക്കുനാള്‍ കുണ്ടും കുഴിയും കൂടി വരികയാണ്. അറ്റകുറ്റപണി നടത്തി കുണ്ടും കുഴിയടച്ച് കിട്ടിയാല്‍ മതിയായിരുന്നുവെന്നാണ് ഡ്രൈവര്‍മാരും ഇതുവഴി സ്ഥിരയാത്ര നടത്തുന്നവരും പറയുന്നത്. വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് അപകടം പതിവായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."