കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ തറികള്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ നിന്ന് തറികള്‍ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഫാക്ടറിയില്‍ നിന്ന് തറികള്‍ അഴിച്ചുകൊണ്ടുപോകാന്‍ പ്യൂമിസ് കമ്പനിയുടെ ഉടമകളുടെ നിര്‍ദേശപ്രകാരം തൊഴിലാളികളെത്തിയത്. എ.ഐ.ടി.യു.സി നേതാവ് പി. ശിവപ്രകാശിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി ഇത് തടഞ്ഞു. സംഘര്‍ഷ സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി. തലേദിവസം രാത്രി ഫാക്ടറിയില്‍ അതിക്രമിച്ച് കടന്ന് തറികള്‍ അഴിച്ചതായിരിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സ്ഥലത്തെത്തി.
പുരാവസ്തു വകുപ്പ് പൈതൃക സ്മാരകമായി പ്രഖ്യാപിച്ച കോംട്രസ്റ്റ് കമ്പനി പൊളിച്ചു നീക്കാനുള്ള ശ്രമമാണ് തൊഴിലാളികള്‍ തടഞ്ഞത്. അനുകൂലമായി ഹൈക്കോടതി വിധിയുണ്ടെന്ന അവകാശവാദം ഉന്നയിച്ചാണ് കമ്പനി പൊളിക്കാനും കൈയേറാനും ശ്രമം നടക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും തൊഴിലാളി യുനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. 2009ലാണ് കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ലോക്കൗട്ട് ചെയ്തത്. കമ്പനി നിയമവിരുദ്ധമായി അടച്ചുപൂട്ടിയതിനെതിരേ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ കേസ് നിലവിലുണ്ട്. കേസ് വിചാരണ പൂര്‍ത്തിയായി. കേസിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. കമ്പനി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സ്വത്ത് ട്രൈബ്യൂണല്‍ കേസ് വിധി പറയുന്നതിന് മുന്‍പ് കൈക്കലാക്കിയതിന് നിയമ സാധുതയില്ലെന്ന് കോംട്രസ്റ്റ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്യൂമിസ് കമ്പനി കൂടാതെ സി.പി.എം നേതാക്കള്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റും കോംട്രസ്റ്റ് ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. 2010ലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചത്. 2012ല്‍ നിയമസഭയില്‍ ഏകകണ്ഠമായി ബില്ലും അംഗീകരിച്ചു.
2013ല്‍ കമ്പനിയെ പുരാവസ്തു സ്മാരകമായി ഏറ്റെടുത്തുകൊണ്ട് ഉത്തരവും വന്നു. ഇതിനിടയിലാണ് ഭൂമി കൈക്കലാക്കാന്‍ ഭൂമാഫിയകള്‍ രംഗത്തുവന്നത്. ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപ്രതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."