കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി; കുടിയിറക്ക് ഭീഷിണിയില്‍ കര്‍ഷകര്‍
മാനന്തവാടി: കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള വനം വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ജില്ലയിലെ നിരവധി ചെറുകിട കര്‍ഷകര്‍ ആശങ്കയില്‍. ജില്ലയില്‍ 1142 ഹെക്ടര്‍ കൈയേറ്റഭൂമി ഉണ്ടെന്നാണ് കണക്ക്. മാനന്തവാടി വനം ഡിവിഷന് കീഴില്‍ 340ഉം സൗത്ത് വയനാട്ടില്‍ 802 ഹെക്ടര്‍ ഭൂമിയുമാണ് ഉള്ളത്. മാനന്തവാടിയില്‍ അഞ്ഞൂറോളം കുടുംബങ്ങളാണ് ഭീഷിണി നേരിടുന്നത്. അമ്പുകുത്തിയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. ഇവിടെ 160 ഓളം കുടുംബങ്ങള്‍ ഉണ്ട്. ഇതിലധികവും 10 മുതല്‍ 20 സെന്റ് ഭൂമിയുള്ളവരാണ്. സൗത്ത് വയനാട്ടില്‍ പാമ്പ്ര, ചിയമ്പം, കുന്നത്തടവക, മേപ്പാടി, ചൂരല്‍മല , അട്ടമല തുടങ്ങിയ സ്ഥലങ്ങളിലാണ് കൈയേറ്റ ഭൂമികള്‍ ഉള്ളത്.
2015 സെപ്റ്റംബര്‍ നാലിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നത്. 1977ന് ശേഷം കൈയേറിയ ഭൂമികളാണ് തിരിച്ചുപിടിക്കുന്നത്. 1957ലെ വന സംരക്ഷണ നിയമത്തിന്റെയും 1961ലെ വന നിയമ പ്രകാരവുമാണ് നടപടി. ഒക്ടോബര്‍ ആദ്യവാരത്തോടെ വനം വകുപ്പ് നോട്ടീസുകള്‍ അയച്ചു തുടങ്ങും. സ്വയം ഒഴിഞ്ഞ് പോയില്ലെങ്കില്‍ നിയമ നടപടികളിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനം. വനം വകുപ്പ് നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനത്തില്‍ ഇരകളായ കര്‍ഷക കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."