തൊടുപുഴയിലെ കവര്‍ച്ച പ്രതികളെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും അന്വേഷണസംഘം വീണ്ടും ഒഡീഷയിലേക്ക്
എസ്.ബി.ഐ ശാഖയിലെ കവര്‍ച്ചാശ്രമത്തിന് പിന്നിലും കൗമാരക്കാരനെന്ന് സംശയം
തൊടുപുഴ: നഗരമധ്യത്തില്‍ വ്യാപാര പ്രമുഖനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊളളയടിച്ച കേസില്‍ കൂട്ടു പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്ക് തിരിക്കും.
പിടിയിലായ കൗമാരക്കാരന്‍ മുന്‍പും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന സംശയത്തിലാണ് അന്വേഷണസംഘം. റിമാന്‍ഡില്‍ കഴിയുന്ന ഒഡീഷ അങ്കോല സ്വദേശി രാജ്കുമാര്‍ പത്ര, ചന്ദ്രപുര്‍ പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഹനുമന്ത്പുരി സ്വദേശി പതിനേഴുകാരന്‍ എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് മറ്റ് പ്രതികളിലേക്ക് എത്താനാണ് ശ്രമം. തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വീണ്ടും ഒഡീഷയിലേക്ക് പുറപ്പെടുന്നത്.
അറസ്റ്റിലായ പതിനേഴുകാരന്‍ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. കവര്‍ച്ചക്ക് മാത്രമായി ഇയാളെ സംഘാംഗങ്ങള്‍ തൊടുപുഴയില്‍ എത്തുകയായിരുന്നുവെന്നാണ് പൊലിസ് കരുതുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്കുള്ള മുന്‍പരിചയമാകാം ഇതിന് കാരണമെന്നും പൊലിസ് കണക്കുകൂട്ടുന്നു. ദമ്പതികളുടെ വീട്ടില്‍ ബെല്‍ അടിച്ച് വാതില്‍ തുറപ്പിച്ചത് കൗമാരക്കാരനാണ്. ദമ്പതികളെ ക്രൂരമായി ആക്രമിച്ചതും വീട്ടുടമ ബാലചന്ദ്രനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതും ഇയാളാണ്. സംഭവത്തില്‍ ഇയാളുടെ പങ്ക് നിരീക്ഷിച്ചാണ് പൊലിസ് നിഗമനത്തില്‍ എത്തിയത്.
തൊടുപുഴയിലെ എസ്ബിഐ മുഖ്യശാഖയിലെ കവര്‍ച്ചാശ്രമത്തിന് പിന്നിലും ഇതേ കൗമാരക്കാരനെ സംശയിക്കുന്നുണ്ട്. എസ്ബിഐ യിലെ സിസിടിവി യില്‍ നിന്ന് ലഭിച്ച രൂപവുമായി ഇയാള്‍ക്ക് സാമ്യമുണ്ട്.
എന്നാല്‍, ദൃശ്യം വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വിരലടയാളം ഫിഗംര്‍ പ്രിന്റ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി എ.വി.ജോര്‍ജ്, തൊടുപുഴ ഡിവൈഎസ്പി എന്‍.എന്‍.പ്രസാദുമായും അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും അന്വേഷണ പുരോഗതി സംബന്ധിച്ച് ചര്‍ച്ച നടത്തി. ഒഡീഷയിലെ സ്ഥലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള തൊടുപുഴ എസ്‌ഐ:ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പഴയസംഘത്തെത്തന്നെ വീണ്ടും ഒഡീഷയിലേക്ക് അയയ്ക്കാനാണ് ആലോചന. കേസില്‍ ഒളിവില്‍ കഴിയുന്ന ഒഡീഷ തികര്‍പ്പട റെയില്‍വേ കോളനി സ്വദേശികളായ ചിങ്കു, രമേശ് എന്നിവരെ എത്രയും വേഗം പിടികൂടണമെന്ന് ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി. ഒഡീഷയിലെ ഉള്‍വനത്തിലാണു ചിങ്കു, രമേശ് എന്നിവര്‍ കഴിയുന്നതെന്നാണു പൊലിസിനു വിവരം ലഭിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഏറെയുള്ള ഒഡീഷയില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളോടെ തൊടുപുഴനിന്നുള്ള ഉദ്യോഗസ്ഥരെ അയയ്ക്കണമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കൃഷ്ണവിലാസത്തില്‍ പ്രകാശ് പെട്രോള്‍ പമ്പ് ഉടമ കെ.ബാലചന്ദ്രന്‍ (58), ഭാര്യ ശ്രീജ (51) എന്നിവരെയാണ് കഴിഞ്ഞ 13 ന് പുലര്‍ച്ചെ മോഷ്ടാക്കള്‍ ആക്രമിച്ചത്. ബാലചന്ദ്രന്റെ വീടിന് എതിര്‍വശത്തുള്ള സ്ഥാപനത്തിലെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു കവര്‍ച്ചാശ്രമവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."