പ്രകൃതിയുടെ പാല്‍ നുകരാം, പാലക്കയം തട്ടില്‍ച്ചെന്ന്
ഈ സ്ഥലത്തിന് ഇത്രയും പ്രത്യേകതയുണ്ടെന്ന് ഞങ്ങള്‍ക്കു പോലും അറിയില്ലായിരുന്നു... വാഹനങ്ങള്‍ ഇടതടവില്ലാതെ മണ്ടളം എന്ന ചെറിയ ടൗണ്‍ വഴി കടന്നു പോകുമ്പോള്‍ നാട്ടുകാരുടെ ഇപ്പോഴുള്ള പ്രതികരണം ഇങ്ങനെയാണ്. അതല്ലെങ്കിലും അങ്ങനെയാണ്, മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ...
കോടമഞ്ഞില്‍ പുതഞ്ഞ് പച്ചപ്പട്ടുടുത്ത് സംസ്ഥാന ടൂറിസം മാപ്പില്‍ കയറിപ്പറ്റാന്‍ അവസരം കാത്തിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ പാലക്കയം തട്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ വന്യസുന്ദരതയുടെ തലവര മാറിയത് വളരെ പെട്ടെന്നാണ്. 2015ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രിയും സ്ഥലം എം.എല്‍.എയുമായ കെ.സി ജോസഫ് പാലക്കയം തട്ട് സന്ദര്‍ശിച്ചു മടങ്ങിയത് ഈ മലനിരയുടെ ജാതകവും കൊണ്ടായിരുന്നു.
ഒന്നര വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റമാണ് ടൂറിസം സെന്റര്‍ എന്ന നിലയില്‍ പാലക്കയം തട്ടിനുണ്ടായത്. എത്തിപ്പെടാന്‍ ദുഷ്‌കരമായ സ്ഥലത്ത് ഇന്ന് സഞ്ചാരയോഗ്യമായ റോഡുകള്‍, വാഹന സൗകര്യം, ചെറിയ കടകള്‍ എല്ലാം ഈ നാട്ടിലെത്തിയത് ചുരുങ്ങിയ സമയത്തിനുള്ളിലായിരുന്നു.
മലനിരകള്‍ വിളിക്കുന്നു
കണ്ണൂര്‍ നഗരത്തില്‍ നിന്ന് 51 കിലോമീറ്ററാണ് തളിപ്പറമ്പ് വഴി പാലക്കയം തട്ടിലേക്കുള്ള ദൂരം. കണ്ണൂര്‍-തളിപ്പറമ്പ്-ഒടുവള്ളി-നടുവില്‍-മണ്ടളം എന്നതാണ് മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ക്ക് എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാന്‍ പറ്റുന്ന റൂട്ട്. കണ്ണൂരില്‍ നിന്നു മണ്ടളം വഴി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. മണ്ടളത്തു നിന്നു നാലു കിലോമീറ്റര്‍ പാലക്കയം തട്ടിലേക്ക് ഇടുങ്ങിയ വഴിയാണ്. ഇവിടെനിന്നു ജീപ്പ് സര്‍വിസുകള്‍ ലഭ്യമാണ്. വെള്ളത്തിനും ലഘു ഭക്ഷണത്തിനുള്ള സൗകര്യം മലയ്ക്കു മുകളിലുണ്ട്.
കാഴ്ചകളുടെ പറുദീസ
സമുദ്ര നിരപ്പില്‍ നിന്നു 3500 ലധികം അടി ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ ഏതൊരു സഞ്ചാരിക്കും നിര്‍വൃതി ഉളവാക്കുന്നതാണ്. നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, കുപ്പം, വളപട്ടണം പുഴകള്‍ എന്നിവയുടെ ദൂരകാഴ്ചകളും ഈ മലനിരകളില്‍ നിന്നാല്‍ ദൃശ്യമാകും. കരിങ്കുറിഞ്ഞി, കണ്ണാന്തളി പോലുള്ള അപൂര്‍വ സസ്യങ്ങളും ഇവിടെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ബുള്ളറ്റ് റൈഡിന് സ്കോപ്പുണ്ട്
സിനിമകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് യാത്രകള്‍ ബൈക്കുകളിലാക്കുന്ന യുവാക്കളുടെ എണ്ണം ഏറി വരികയാണ്. ഒരു ബുള്ളറ്റുണ്ടെങ്കില്‍ പിന്നെ ഒന്നും പറയണ്ട. അത്തരക്കാരെ നിരാശപ്പെടുത്താത്ത വഴിയാണ് മണ്ടളം മുതല്‍ പാലക്കയം തട്ട് വരെയുള്ള നാലു കിലോമീറ്റര്‍. അടിവാരം വരെ റോഡ് ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ടുള്ള ഒരു കിലോമീറ്റര്‍ ഇടുങ്ങിയതും കുത്തനെയുള്ള കയറ്റവും കല്ലും നിറഞ്ഞതുമാണ്. ഏതൊരു റൈഡറേയും ആവേശം കൊള്ളിക്കാന്‍ ഇതു ധാരാളം.
വികസന വഴിയില്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഒരു വര്‍ഷമായി പാലക്കയം തട്ടില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കാഞ്ഞിരക്കൊല്ലി, പൈതല്‍മല, പാലക്കയം തട്ട് എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരിലാണ് പദ്ധതി.
പ്രകൃതിക്കു കോട്ടം തട്ടാതെ സഞ്ചാരികള്‍ക്കു പ്രകൃതിഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ഡി.ടി.പിസി ഇതിലൂടെ. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ, നടപ്പാത, 35 സോളാര്‍ വിളക്കുകള്‍ എന്നിവ പാലക്കയം തട്ടില്‍ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനത്തിനൊരുങ്ങി. മണ്ടളം വഴി മലയോര ഹൈവേയുടെ ഭാഗമായി മെക്കാടം ടാറിങ് കൂടി പൂര്‍ത്തിയായാല്‍ പാലക്കയം തട്ടിലേക്കുള്ള അനുബന്ധ റോഡുകളും വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."