രേഷ്മാ തോമസിന്റെ ഇംപ്രിന്റ്സ്: മാപ്പിങ് മെമ്മറീസ് ചിത്രപ്രദര്‍ശനത്തിന് തുടക്കമായി
കൊച്ചി: കലയിലൂടെ ക്രിയത്മക സാമൂഹ്യ മൂല്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും യുവ കലാകാരന്മാരെ പിന്തുണക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോക്സ് ആന്റ് കിങ്സും ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗാലറിയും സഹകരിക്കുതിന്റെ ഭാഗമായി രേഷ്മാ തോമസിന്റെ പെയിന്റിങ് പരമ്പരയുടെ പ്രദര്‍ശനം ഇംപ്രിന്റ്സ്: മാപ്പിങ് മെമ്മറീസ് ആരംഭിച്ചു.
കുട്ടികളുടെ കുഞ്ഞു മനസ്സിന്റെ വിവിധ കോണുകളിലൂടെ ചുറ്റിത്തിരിയുകയും കലയും വികാരവും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുകയും ചെയ്യുന്ന രേഷ്മാ തോമസിന്റെ രചനകളുടെ പ്രദര്‍ശനം ഐ.ടി.ബി. ബെര്‍ലിന്‍ സി.എസ്.ആര്. കമ്മീഷണര്‍ റിക ജീന്‍ ഫ്രാന്‍സോയിസ്, കോക്സ് ആന്റ് കിങ്സ് സെയില്‍സ് ബി.ഡി. സ്പെഷല്‍ പ്രൊജക്ട്സ്, ഇന്‍ബൗണ്ട് ട്രാവല്‍ വിഭാഗം മേധാവി സന്ദീപ് ദയാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്.
സ്വയാര്‍ജ്ജിത മികവുകളോടെ വളര്‍ന്നു വന്ന കലാകാരിയായ രേഷ്മ ജീവിതത്തെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍ രചനകളിലേക്കു സന്നിവേശിപ്പിക്കുന്നതിന്റെ പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഓരോ ദിവസവും നാം നിരവധി പേരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതത്തില്‍, ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് രേഷ്മയുടെ പുതിയ പരമ്പരയായ ഇന്പ്രിന്റ്സ് സംവേദനം ചെയ്യുന്നത്.
കുട്ടികളോടുള്ള ഇന്നത്തെ നമ്മുടെ വാക്കുകളും പ്രവര്‍ത്തിയും അവരുടെ സ്വഭാവ സവിശേഷതകള്‍ക്കു രൂപം നല്കുന്ന കാര്യത്തില്‍ വലിയ പങ്കാണു വഹിക്കുന്നതെന്നതിന് കലാപരമായ ആവിഷ്ക്കാരം നല്‍കാനാണ് ഇംപ്രിന്റിലൂടെ ശ്രമിക്കുന്നതെന്ന് രേഷ്മ ചൂണ്ടിക്കാട്ടുന്നു. ഈ പരമ്പരയുടെ ഭാഗമായി രേഷ്മ കൊച്ചിയിലെ വിവിധ സ്ക്കൂളുകളില്‍ പെയിന്റിങ്, സര്‍ഗ്ഗാത്മക രചനകള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിക്കും. കുട്ടികളോട് അവരുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് എഴുതാനും വരക്കാനും ആവശ്യപ്പെടും.
അതുവഴി അവരുടെ വളര്‍ന്നു വരുന്ന ചിന്തകളെ ക്രിയാത്മകമായി അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഇതില്‍ നിന്നുള്ള തെരഞ്ഞെടുത്ത സൃഷ്ടികള്‍ സെപ്റ്റംബര്‍ 30 ന് പ്രദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."